ന്യൂഡൽഹി : എംഎൽഎമാരെയും എംപിമാരെയും ഡിജിറ്റലായി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി (Supreme Court). കുറ്റവാളികൾക്കായി ചെയ്യുന്നകാര്യം എങ്ങനെയാണ് നിയമനിർമാതാക്കൾക്ക് നേരെ അടിച്ചേൽപ്പിക്കുന്നത് എന്ന് കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ ബി പർദിവാല എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അവർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ അവരുടെ കാലുകളിലും കൈകളിലും ചിപ് ഇടാൻ കഴിയില്ല. കുറ്റകൃത്യം ചെയ്‌ത് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ കാര്യത്തിൽ മാത്രമാണ് തങ്ങൾ അത് ചെയ്യുന്നത്. ഒരു വ്യക്തിക്ക് സ്വകാര്യതയ്ക്കുള്ള അവകാശം എന്നൊരു സംഗതിയുണ്ട് അങ്ങനെയുള്ളപ്പോൾ നമുക്ക് എങ്ങനെ അവരെ ഡിജിറ്റലായി നിരീക്ഷിക്കാൻ കഴിയുമെന്നാണ് കോടതി ചോദിച്ചത്.
സുരീന്ദർ നാഥ് കുന്ദ്രയാണ് രാജ്യത്തെ എല്ലാ എംപിമാരെയും എംഎൽഎമാരെയും ഡിജിറ്റലായി നിരീക്ഷിക്കണെമെന്ന് നിർദേശം നൽകാൻ ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. തൻ്റെ വാദം അവതരിപ്പിക്കാൻ തന്നെ അനുവദിക്കണമെന്ന് കുന്ദ്ര ബെഞ്ചിനോട് അഭ്യർഥിച്ചു. ജനങ്ങളാണ് ഈ രാജ്യത്തെ ഓരോ എംപിമാരെയും എംഎൽഎമാരെയും തെരഞ്ഞെടുക്കുന്നുതെന്നും അവരുടെ ജോലി ജനങ്ങളെ പ്രതിനിധീകരിക്കലാണെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം അവർ അധികാരികളായി പെരുമാറുന്നു എന്നും അദ്ദേഹം വാദിച്ചു.
എന്നാൽ എല്ലാ എംപിമാരെയും, എംഎൽഎമാരെയും ഹർജിക്കാരന് കുറ്റവാളികളാണെന്ന് പറയാൻ കഴിയില്ല. ഒരു വ്യക്തിക്കെതിരെ പ്രത്യേക പരാതികളുണ്ടാകാം അതുപോലെ എല്ലാ എംപിമാർക്കെതിരെയും നിങ്ങൾക്ക് കുറ്റം ചുമത്താൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് കുന്ദ്രയുടെ വാദം കേട്ട ശേഷം പറഞ്ഞു. രാജ്യത്തിൻ്റെ ആത്യന്തിക അധികാരം ജനങ്ങൾക്കാണെന്നും എംപിമാരും എംഎൽഎമാരും പൊതുപ്രവർത്തകരാണെന്നും ആത്യന്തിക അധികാരികൾ നിയമങ്ങൾ നിർമിക്കണമെന്നും സേവകരല്ലെന്നും കുന്ദ്ര പറഞ്ഞു.
എംപിമാർക്കും എംഎൽഎമാർക്കും അവരുടെ സ്വകാര്യത ഉണ്ടാകും. അവർക്ക് വീട്ടിൽ സ്വന്തം ജീവിതമുണ്ട്. അവർ അവരുടെ കുടുംബത്തോടൊപ്പമാണ് 24 മണിക്കൂറും അവരെ നിരീക്ഷിക്കാൻ തങ്ങൾ അവരുടെ ചുമലിൽ ചിപ് ഇടുകയാണോ വേണ്ടത് എന്ന് ചോദിച്ചുകൊണ്ട് ബെഞ്ച് ഹർജി തള്ളി.