ന്യൂഡൽഹി: 1956ലെ ഹിന്ദു സ്‌ത്രീയുടെ പിന്തുടർച്ചാവകാശ നിയമത്തിൻ്റെ പരിധിയില്‍ വരുന്ന കേസുകള്‍ പരിഹരിക്കാൻ പ്രത്യക ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യം. 1956 ലെ ഹിന്ദു സ്‌ത്രീയുടെ പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 14 പ്രകാരം സ്വത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസുകളിലെ ആശയ കുഴപ്പം പരിഹരിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കണമെന്നതാണ് ആവശ്യം. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.
ഹിന്ദു സ്‌ത്രീയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് അല്ലെങ്കില്‍ സ്ഥാവര ജംഗമ വസ്‌തുക്കള്‍ എന്നിവയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സ്‌ത്രീക്കാണ് എന്നത് നിയമത്തിലെ സെക്ഷൻ 14 പറയുന്നു. എന്നാല്‍ പിന്തുടര്‍ച്ചാവകാശമല്ലാതെ ഇഷ്‌ടദാനമായി ലഭിക്കുന്ന വക സെക്ഷൻ 14 (1) ലെ വ്യവസ്ഥ അനുസരിച്ച് ബാധകമല്ല. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ സെക്ഷൻ 14ൻ്റെ വ്യാഖ്യാനത്തിൽ വ്യക്തതയും ഉറപ്പും ഉണ്ടായിരിക്കണമെന്നാണ് ബെഞ്ച് പ്രധാനമായും ആവശ്യപ്പട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂന്ന് പേരടങ്ങുന്ന ബെഞ്ച് വേണമെന്നാണ് നിലവിലെ നിര്‍ദേശം. വി തുളസമ്മ & ഓർസ് വേഴ്സസ് ശേഷ റെഡ്ഡി ബൈ എൽആർഎസ്" (1977) എന്ന കേസിനെ അടിസ്ഥാനമാക്കിയാണ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി നിര്‍ണയിക്കുന്നത്. ഇതുവരെ 18 കേസുകളാണ് വി തുളസമ്മ & ഓർസ് വേഴ്‌സ് ശേഷ റെഡി (1977) കേസിനെ അടിസ്ഥാനമാക്കി വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
ഇത്തരം കേസുകളില്‍ മൂന്ന് പേരടങ്ങുന്ന ബെഞ്ചാണ് വേണ്ടതെന്നും പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. ഓരോ ഹിന്ദു സ്‌ത്രീയുടെയും അവരുടെ കൂട്ടുകുടുംബത്തിൻ്റെയും അവകാശങ്ങളെ സംബന്ധിച്ച് അപ്പീൽ കോടതികളില്‍ കേസുകളുണ്ട്. അപ്പീൽ കോടതികളിലടക്കം പരിഗണനയിലുള്ള കേസുകള്‍ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൻ്റെ സെക്ഷൻ 14ൻ്റെ അടിസ്ഥാനത്തില്‍ വ്യക്തതയും ഉറപ്പും ഉണ്ടായിരിക്കണമെന്നാണ് ബെഞ്ചിൻ്റെ ആവശ്യം.
ഹിന്ദു വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ക്രോഡീകരിച്ച് അവർക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ച് ഭാരത സർക്കാർ ഉണ്ടാക്കിയ നിയമമാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം(Hindu Succession Act, 1956). ഹിന്ദു, ബുദ്ധ,ജൈന, സിഖ് മത വിഭാഗത്തിലുള്ളവരുടെ പൂർവിക സ്വത്തിൻ്റെ പിന്തുടർച്ച തീരുമാനിക്കുന്നത് ഈ നിയമ പ്രകാരമാണ്.