ന്യൂഡൽഹി : സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ അധികാരം വിനിയോഗിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കും പരിഗണന നല്‍കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അന്വേഷണ ഏജന്‍സികള്‍ക്കുള്ള സേർച്ച് പോലുള്ള അധികാരങ്ങളുടെ വിനിയോഗത്തിനും വ്യക്തിയുടെ സ്വകാര്യത അവകാശത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ് എന്നാണ് ചീഫ് ജസ്‌റ്റിസിന്‍റെ പരാമര്‍ശം. സിബിഐയുടെ ആദ്യ ഡയറക്‌ടറുടെ സ്‌മരണയ്ക്കായി 20-ാമത് ഡി പി കോലി സ്‌മാരക പ്രഭാഷണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്‌റ്റിസ്.
ക്രിമിനൽ നീതിയുടെ കാലത്ത്, സേര്‍ച്ചിലും പിടിച്ചെടുക്കലിലും എല്ലാം അധികാര-വ്യക്തി സ്വകാര്യത സന്തുലിതാവസ്ഥ നിലകൊള്ളേണ്ടത് ആവശ്യമാണ്. ഇത് ന്യായവും നീതിയുക്തവുമായ ഒരു സമൂഹത്തിന്‍റെ ആണിക്കല്ലാണ്. ഈ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കലാണ് ഇതിന്‍റെ കാതൽ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്‌ക്കും പൊതു ക്രമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ സിബിഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ വ്യാപ്‌തി അഭൂതപൂർവമായ വേഗത്തിലാണ് വികസിച്ച് കൊണ്ടിരിക്കുന്നത്.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ പോലുള്ള അന്വേഷണ ഏജൻസികൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിക്കുന്നതിന് പുറമേ അവയെ നേരിടാനുള്ള ശേഷി വികസിപ്പിക്കുക കൂടി ചെയ്യണമെന്നും ജസ്‌റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കുറ്റകൃത്യങ്ങളിലെ സമൂലമായ മാറ്റത്തിനൊപ്പം അന്വേഷണ ഏജൻസികളും മാറേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
Also Read : സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ: ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിക്ക് 61 വയസ്സ് - CBI Turns 61