ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന നഗ്നത ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി. ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന നഗ്നത ഉള്‍പ്പെടുന്നതും അനുചിതവുമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
എല്ലാ പ്രായത്തിലുമുള്ള കാഴ്‌ചക്കാർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ ഒടിടി പ്ലാറ്റ്‌ഫോമുകളെ അനുവദിക്കാമോ എന്നതാണ് ഹർജിയിൽ ഉന്നയിക്കുന്ന പ്രശ്‌നം എന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ നഗ്നത ചിത്രീകരിക്കുന്ന അനുചിതമായ ദൃശ്യങ്ങൾ കാണിക്കുന്നതായും അഭിഭാഷകൻ ആരോപിച്ചു.
എന്നാല്‍ ആവശ്യവുമായി സെൻസർ ബോർഡിനെ സമീപിക്കൂ എന്നാണ് ജസ്‌റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരനോട് പറഞ്ഞത്. 'ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങളാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? നിങ്ങൾ സർക്കാരിന് അപേക്ഷ നൽകുക.'- കോടതി പറഞ്ഞു.
തുടര്‍ന്ന്, സർക്കാരിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയും സുപ്രീം കോടതി അനുമതി നൽകുകയും ചെയ്‌തു.
Also Read : 'അശ്ലീല ഉള്ളടക്കങ്ങൾ' ; യെസ്‌മയടക്കം 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രം