ന്യൂഡല്‍ഹി: ഉപഭോക്ത്യ കോടതികളില്‍ കക്ഷികള്‍ക്ക് ലഭിക്കേണ്ട സേവനത്തില്‍ കുറവുണ്ടായാല്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള സേവനം ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കോടതി. ജസ്റ്റിസുമാരായ ബേല ത്രിവേദിയും പങ്കജ് മിത്തലും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റെ 2007ലെ വിധിയെ ചോദ്യം ചെയ്‌ത ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ബാര്‍ ഓഫ് ഇന്ത്യന്‍ ലോയേഴ്‌സ് തുടങ്ങിയ ബാര്‍ ബോഡികളും മറ്റ് വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ബിസിനസോ മറ്റ് തൊഴിലുകളുടെയോ പോലെയല്ല അഭിഭാഷകവൃത്തിയ്‌ക്ക് അതിന് അതിന്‍റേതായ പ്രത്യേകതയുണ്ട്.
അഭിഭാഷക ജോലികളെ മറ്റ് ജോലികളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും മാനസിക അധ്വാനവും ആവശ്യമുള്ള തൊഴിലാണിത്. ഇത്തരത്തിലുള്ള ഓരോ പ്രൊഫഷണലിന്‍റെയും വിജയം അവരുടെ നിയന്ത്രണത്തിന് അതീതമായ വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കുെമന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം കക്ഷികളുടെ ആവശ്യങ്ങള്‍ അഭിഭാഷകര്‍ മാനിക്കേണ്ടതുണ്ട്. അവരുടെ സമ്മതപ്രകാരമല്ലാതെ കേസില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ല. കേസിന്‍റെ നിയന്ത്രണം കക്ഷിയില്‍ അധിഷ്‌ഠിതമാകണമെന്നും കോടതി വ്യക്തമാക്കി.