ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെയാക്കി നീട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ഫെബ്രുവരി 15ന് ആണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പദ്ധതി റദ്ദാക്കിയതായി വിധി പുറപ്പെടുവിച്ചത്. മാർച്ച് ആറിനകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ബോണ്ടുകൾ നൽകുന്നവരുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ എസ്‌ബിഐ സ്വീകരിച്ച കർശന നടപടികൾ കാരണം ഇലക്‌ടറൽ ബോണ്ടുകളുടെ ഡീകോഡിംഗും സംഭാവന നൽകുന്നവരുടെ വിവരങ്ങളും ഒത്തുനോക്കുക എന്നത് സങ്കീർണമായ പ്രക്രിയ ആയിരിക്കുമെന്നാണ് എസ്‌ബിഐയുടെ വാദം. അതിനാൽ തന്നെ കോടതി നിശ്ചയിച്ചിട്ടുള്ള മൂന്നാഴ്‌ചത്തെ സമയപരിധി തികയില്ലെന്നും സമയം നീട്ടിനൽകണമെന്നുമാണ് എസ്‌ബിഐ കോടതിയോട് ആവശ്യപ്പെടുന്നത്.
ഓരോ രാഷ്ട്രീയ പാർട്ടിയും എസ്‌ബിഐയുടെ അംഗീകൃത 29 ശാഖകളിൽ ഏതെങ്കിലും ഒരു നിയുക്ത അക്കൗണ്ട് നിലനിർത്തേണ്ടതുണ്ട്. ഈ അക്കൗണ്ടിൽ മാത്രമേ പാർട്ടിക്ക് ലഭിച്ച ഇലക്‌ടറൽ ബോണ്ടുകൾ നിക്ഷേപിക്കാനും വീണ്ടെടുക്കാനും കഴിയുകയുള്ളു. യഥാർത്ഥ ബോണ്ടും പേ-ഇൻ സ്ലിപ്പും സീൽ ചെയ്‌ത കവറിൽ സൂക്ഷിക്കുകയും എസ്ബിഐയുടെ മുംബൈയിലെ ബ്രാഞ്ചിലേക്ക് അയയ്ക്കുകയും ചെയ്യും. അതിനാൽ, രണ്ട് വിവരങ്ങളും ഒത്തുനോക്കുക എന്നത് പരിശ്രമകരമായ ജോലിയായിരിക്കുമെന്നും അതിനാൽ സമയമെടുക്കുമെന്നുമാണ് എസ്ബിഐ പറയുന്നത്.