ബലോദബസാർ (ഛത്തീസ്‌ഗഢ്): ഛത്തീസ്‌ഗഡില്‍ സത്നാമി വിഭാഗത്തിന്‍റെ പ്രതിഷേധം. ബലോദബസാർ നഗരത്തിലെ തങ്ങളുടെ മത സ്‌തംഭത്തിന് കേടുപാടുകൾ വരുത്തിയതിനെതിരെയാണ് ഇവര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്കും എസ്‌പി ഓഫിസ് കെട്ടിടത്തിനും തീയിട്ടു.
കല്ലേറില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബലോദബസാർ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുയാണ്. നാലോ അതിലധികമോ ആളുകള്‍ കൂട്ടം കൂടരുതെന്നും റാലികളും ഘോഷയാത്രകളും നടത്തരുതെന്നുമാണ് ജില്ല ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം. ജൂണ്‍ 16 വരെയാണ് നിരോധനാജ്ഞ.
മെയ് 15ന് രാത്രിയിലാണ് അജ്ഞാതര്‍ ബലോദബസാർ ജില്ലയിലെ ഗിരൗദ്‌പുരി ധാമിലെ വിശുദ്ധ അമർ ഗുഫയ്ക്ക് സമീപമുള്ള സത്നാമി സമൂഹം വിശുദ്ധ ചിഹ്നമായി ആരാധിച്ചിരുന്ന 'ജയ്‌ത്‌ഖാംബ്' നശിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍, വിഷയത്തില്‍ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നാണ് സത്നാമി വിഭാഗത്തിന്‍റെ പ്രധാന ആവശ്യം.
കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ (ജൂണ്‍ 10) ദസറ മൈതാനത്ത് പ്രകടനം നടത്താനും കലക്ടറെ തടയാനും സത്നാമി വിഭാഗം തീരുമാനിച്ചത്. ഇതിനായി നിരവധിയാളുകളും സ്ഥലത്ത് തടിച്ചുകൂടി. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് പലയിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
സത്നാമി വിഭാഗം സമാധാനപരമായ പ്രകടനത്തിനാണ് ആഹ്വാനം ചെയ്‌തിരുന്നതെങ്കിലും പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ബാരിക്കേഡുകൾ തകർത്ത് കലക്‌ട്രേറ്റിലേക്ക് പ്രവേശിക്കുകയും ചെയ്‌തു. ഓഫിസ് കെട്ടിടത്തിന് നേരെയും കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ അവിടെ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു.
അയ്യായിരത്തോളം വരുന്ന പ്രതിഷേധക്കാരാണ് പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് കല്ലെറിഞ്ഞതെന്ന് ബലോദബസാർ പൊലീസ് സൂപ്രണ്ട് സദാനന്ദകുമാർ പറഞ്ഞു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. കലക്‌ട്രേറ്റിൽ പ്രവേശിച്ച് നിരവധി കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പൊലീസ് സൂപ്രണ്ട് താമസിക്കുന്ന കെട്ടിടത്തിനും തീയിട്ടു. സമരക്കാർ കലക്‌ടറുടെ ഓഫിസിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50 ഓളം മോട്ടോർ സൈക്കിളുകളും രണ്ട് ഡസൻ കാറുകളും കലക്‌ട്രേറ്റിലെ എസ്‌പി ഓഫിസ് കെട്ടിടവുമാണ് അഗ്നിക്കിരയായത്. പ്രതിഷേധ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. അഗ്നിശമന സേനയുടെ വാഹനവും ജനക്കൂട്ടം കത്തിച്ചു. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടുന്നതും വീഡിയോയിൽ ദൃശ്യമാണ്.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് റിപ്പോര്‍ട്ട് തേടി. സമാധാനത്തിനായി അഭ്യർഥിച്ച മുഖ്യമന്ത്രി, സാമൂഹിക സൗഹാർദം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമൂഹിക ഐക്യം തകർക്കുന്ന സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി വിജയ് ശർമ പ്രസ്‌താവനയിൽ പറഞ്ഞു. സമാധാനവും സാമൂഹിക സൗഹാർദ്ദവും നിലനിർത്താൻ ഉപമുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്.
ALSO READ : 'ഓൾ ഐസ് ഓൺ റിയാസി': ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങൾ