ഹൈദരാബാദ് : കരിംനഗർ ബസ് സ്‌റ്റേഷനിൽ ജനിച്ച പെൺകുഞ്ഞിന് സൗജന്യ ലൈഫ് ടൈം പാസ് നൽകുമെന്ന് തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി) മാനേജ്‌മെന്‍റ്. സർക്കാർ ബസുകളിലോ ബസ് സ്‌റ്റേഷനുകളിലോ ജനിക്കുന്ന കുട്ടികൾക്ക് ജന്മദിന സമ്മാനമായി സൗജന്യ ബസ് പാസ് നൽകാനുള്ള തീരുമാനം ആർടിസി മാനേജ്‌മെന്‍റ് നേരത്തെ എടുത്തിരുന്നു എന്നത് ശ്രദ്ധേയം.
ഈ മാസം 16-ന് കുമാരിയെന്ന യുവതിയാണ് കരിംനഗർ ബസ് സ്‌റ്റേഷനിൽ പെണ്‍കുഞ്ഞിന് ജീവന്‍ നല്‍കിയത്. ഭദ്രാചലത്തേക്ക് പോകുന്നതിനായി ഭർത്താവിനൊപ്പം കരിംനഗർ ബസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വച്ച് തന്നെ പ്രസവം നടക്കുകയും ചെയ്‌തു.
ആർടിസിയിലെ വനിതാ ജീവനക്കാരും ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാൻ എത്തിയിരുന്നു. ഈ അസാധാരണ സംഭവത്തെ തുടർന്ന് ആർടിസി ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ ഹൈദരാബാദിലെ ബസ് ഭവനിൽ ടിജിഎസ്ആർടിസി മാനേജിങ് ഡയറക്‌ടർ വിസി സജ്ജനാർ ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. സിഎംഒ ഡോ രവീന്ദർ, ജോയിന്‍റ് ഡയറക്‌ടർ അപൂർവ റാവു, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ മുനിശേഖർ, കൃഷ്ണകാന്ത്, ചീഫ് പേഴ്‌സണൽ ഓഫീസർ ഉഷാ റാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ALSO READ : കെഎസ്‌ആർടിസി ബസില്‍ പിറന്ന കുഞ്ഞിന് പേരിട്ടു