നോർത്ത് 24 പർഗാനാസ് : ആർ ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിത ഡോക്‌ടറുടെ കുടുംബത്തിന് പണം വാഗ്‌ദാനം ചെയ്‌തിട്ടില്ല എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം കള്ളമാണെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. മമത പണം വാഗ്‌ദാനം ചെയ്‌തുവെന്ന് അവർ വാദിച്ചു. മുഖ്യമന്ത്രി കള്ളം പറയുകയാണ്. എന്‍റെ മകൾ ഇനി മടങ്ങിവരില്ല, അവളുടെ പേരിൽ ഞാൻ കള്ളം പറയുമോ? പണം ലഭിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മകളുടെ സ്‌മരണയ്ക്കായി എന്തെങ്കിലും നിർമിക്കാൻ നിർദേശിച്ചു.
എന്‍റെ മകൾക്ക് നീതി ലഭിച്ചാൽ പണം വാങ്ങാൻ ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുമെന്ന് താൻ മറുപടി നൽകിയെന്നും യുവതിയുടെ അമ്മ പറഞ്ഞു.കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് പണം വാഗ്‌ദാനം ചെയ്‌തുവെന്ന ആരോപണം മമത ബാനർജി നിഷേധിച്ചിരുന്നു. കുടുംബത്തിന് പണം നൽകാമെന്ന വാഗ്‌ദാനം നൽകിയിട്ടില്ലെന്നും, കൊല്ലപ്പെട്ട മകൾക്കായി കുടുംബം എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാർ അതിനെ പിന്തുണയ്‌ക്കാമെന്നുമാണ് താൻ പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ആർജി കർ പ്രതിഷേധത്തെത്തുടർന്ന് രാജിക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു, എന്നാൽ ദുർഗ പൂജ സമയം അടുക്കുമ്പോൾ ഞങ്ങൾക്ക് ക്രമസമാധാനത്തെക്കുറിച്ച് അറിവുള്ള ഒരാളെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് കുടുംബത്തിന് സാമ്പത്തിക നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തതായും ഇരയുടെ ബന്ധു പറഞ്ഞു. "മുഖ്യമന്ത്രി തന്നെ നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തു. പൊലീസ് പണം വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി പണം വാഗ്‌ദാനം ചെയ്‌തുവെന്ന് ഞാൻ ഇപ്പോഴും ഉറപ്പിച്ച് പറയുന്നുവെന്നും" ബന്ധു പറഞ്ഞു.
ദുർഗാ പൂജ അടുക്കുമ്പോൾ "ഉത്സവങ്ങളിലേക്ക് മടങ്ങാൻ" മുഖ്യമന്ത്രി ബാനർജി ആളുകളെ പ്രോത്സാഹിപ്പിക്കുകയും ജൂനിയർ ഡോക്‌ടർമാരോട് എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ അഭ്യർഥിക്കുകയും ചെയ്‌തു.
ഈ അഭ്യർഥന തനിക്ക് മനുഷ്യത്വരഹിതമാണെന്ന് തോന്നിയെന്ന് കൊല്ലപ്പെട്ട ഡോക്‌ടറുടെ അമ്മ പ്രതികരിച്ചു. "എന്‍റെ വീട്ടിലും ദുർഗാ പൂജ ആഘോഷിക്കാറുണ്ട്; മകൾ ആയിരുന്നു പൂജ ചെയ്യാറ്. പക്ഷേ ഇനിയൊരിക്കലും എന്‍റെ വീട്ടിൽ ദുർഗാപൂജ ആഘോഷിക്കില്ല. എന്‍റെ വീട്ടിലെ വെളിച്ചം അണഞ്ഞു. ഉത്സവത്തിലേക്ക് മടങ്ങാൻ ഞാൻ എങ്ങനെ ആളുകളോട് ആവശ്യപ്പെടും?" എന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബത്തിൽ ഇത്തരമൊരു സംഭവം നടന്നിരുന്നെങ്കിൽ അവർ ഇങ്ങനെ പറയുമായിരുന്നോ എന്നും അവർ ചോദിച്ചു. മകൾക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഇരയുടെ അമ്മ ഉറപ്പിച്ചു പറഞ്ഞു.