മുംബൈയിലെ വോര്‍ളി ഇലക്‌ട്രിക് ശ്‌മശാനത്തിലാണ് വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു രത്തന്‍ ടാറ്റയ്‌ക്ക് രാജ്യം വിടനല്‍കിയത്. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ച് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്നയാളാണ് ടാറ്റ.
എന്നാല്‍ പാഴ്‌സികള്‍ നേരത്തെ പിന്തുടര്‍ന്നിരുന്ന ആചാരപ്രകാരമല്ല അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ അരങ്ങേറിയത്. അറബ് അധിനിവേഷകാലത്ത് ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ പാഴ്‌സികള്‍ അടുത്ത കാലത്ത് വരെ വ്യത്യസ്‌തമായ ശവസംസ്‌കാര രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതും മണ്ണില്‍ കുഴിച്ചിടുന്നതും അവര്‍ക്ക് നിഷിദ്ധമായിരുന്നു. പാഴ്‌സികളെ സംബന്ധിച്ച് അഗ്നിയും ഭൂമിയും പരിശുദ്ധമാണ്. ഇവ മലിനമാകുമെന്നതിനാലാണ് ശവസംസ്‌കാരത്തിനായി അവര്‍ വ്യത്യസ്‌ത രീതി പിന്തുടര്‍ന്നത്. മൃതശരീരങ്ങള്‍ ദഖ്‌മ എന്നറിയപ്പെടുന്ന വമ്പന്‍ കോട്ടയില്‍ കഴുകന്‍മാര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്നതായിരുന്നുവിത്.
'നിശബ്‌ദതയുടെ കോട്ട' എന്നറിയപ്പെടുന്ന കൂറ്റന്‍ കോട്ടകെട്ടി അതിന് മുകളില്‍ മൃതദേഹങ്ങള്‍ വയ്‌ക്കുകയാണ് ചെയ്യുക. മണിക്കൂറുകള്‍ക്കകം മാംസഭാഗങ്ങള്‍ കഴുകന്മാര്‍ തിന്നുതീര്‍ക്കും. ശേഷിക്കുന്ന എല്ലിന്‍ കഷണങ്ങള്‍ കോട്ടയ്‌ക്കകത്തെ വമ്പന്‍ ഗര്‍ത്തങ്ങളിലേക്കിടും.
ALSO READ: വ്യവസായ ലോകത്തെ 'രത്‌ന'ത്തിന് വോര്‍ളിയില്‍ അന്ത്യവിശ്രമം, പാഴ്‌സി ആചാരപ്രകാരം സംസ്‌കാരം
കാലാന്തരത്തില്‍ ഈ രീതിയ്‌ക്ക് മാറ്റം വന്നുവെങ്കിലും ഇത്തരം കോട്ടകള്‍ ഇന്നും ഇന്ത്യയിലുണ്ട്. മുംബൈ മലബാർ ഹില്‍സിലെ കോട്ടയാണ് ഏറ്റവും പ്രസിദ്ധം. കഴുകന്മാരുടെ എണ്ണം കുറഞ്ഞതടക്കമുള്ള കാരണങ്ങളാണ് തങ്ങളുടെ സംസ്‌കാരരീതി മാറ്റാന്‍ പാഴ്‌സികളെ പ്രേരിപ്പിച്ചത്. തൊണ്ണൂറുകള്‍ക്ക് ശേഷമായിരുന്നു ഈ പ്രതിസന്ധിയുണ്ടായത്. 2015-ലാണ് വോര്‍ളിയില്‍ പുതിയ പ്രാര്‍ഥന കേന്ദ്രവും അതിനോടു ചേര്‍ന്നുള്ള ഇലക്‌ട്രിക് ശ്‌മശാനവും നിര്‍മ്മിച്ചത്. നിലവില്‍ ഇലക്‌ട്രിക് ശ്‌മശാനത്തില്‍ ശവസംസ്‌കാരം നടത്തുന്ന രീതി പാഴ്‌സി സമൂഹം സ്വീകരിച്ചുകഴിഞ്ഞു.