അയോധ്യ (ഉത്തര്‍പ്രദേശ്) : പ്രാണപ്രതിഷ്‌ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സജ്ജീകരണങ്ങളും സുരക്ഷ ക്രമീകരണങ്ങളുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്. രാമനവമിയുമായി ബന്ധപ്പെട്ട് ഇന്ന് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കുണ്ട്.
പുലര്‍ച്ചെ 3.30ന് തന്നെ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ഭക്തജന തിരക്ക് കണക്കിലെടുത്ത് രാത്രി 11 മണി വരെ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കും. ഉച്ചയ്‌ക്ക് 12.15ന് ശേഷം രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. രാംലല്ല പ്രതിഷ്‌ഠയുടെ നെറ്റിയില്‍ സൂര്യരശ്‌മികള്‍ പതിപ്പിക്കുന്ന ചടങ്ങാണിത്.
അതേസമയം, രാമനവമി ആഘോഷങ്ങള്‍ക്ക് ഭക്തര്‍ എത്താനിടയുള്ള സ്ഥലങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ (ഏപ്രില്‍ 16) പരിശോധന നടത്തിയിരുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ പ്രത്യേകം സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടിവെള്ളം, ചൂടുള്ള കാലാവസ്ഥ ആയതിനാല്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍, ഭക്തര്‍ക്ക് തങ്ങാനുള്ള സൈകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ല ഭരണകൂടവും പൊലീസും മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രത്യേകം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ജില്ല കലക്‌ടര്‍ നിതീഷ് കുമാര്‍, അയോധ്യ ഐജി പ്രവീണ്‍ കുമാര്‍, എഡിജെ അമരേന്ദ്ര കുമാര്‍ സെന്‍ഗാര്‍ എന്നിവര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.