തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തന്‍റെ എതിരാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഈ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ രാഷ്‌ട്രീയത്തിനും 15 വർഷത്തെ പ്രവർത്തനരഹിതമായവരെ പ്രതിനിധീകരിക്കുന്നവർക്കും ഇടയിലായിരിക്കുമെന്നത് ആയിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം ( It's a Battle Of Performance Vs Non - Performance ).
തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് നന്നായി അറിയാമെന്നും മെയ് മാസത്തിൽ ആരെ തെരഞ്ഞെടുക്കുമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
"തീർച്ചയായും, ആളുകൾ സുബോധമുള്ളവരാണ്. പ്രകടനത്തിന്‍റെ രാഷ്‌ട്രീയം എന്താണെന്നും, ആരാണ് പ്രകടനത്തിന്‍റെ രാഷ്‌ട്രീയത്തെ പ്രതിനിധീകരിക്കുന്നതെന്നും, ആരാണ് 15 വർഷത്തെ പ്രവർത്തനമില്ലായ്‌മയെ പ്രതിനിധീകരിക്കുന്നതെന്നും അവർക്കറിയാം," എന്ന് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. കഴിഞ്ഞ 15 വർഷമായി തരൂർ തിരുവനന്തപുരത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിലെ ശശി തരൂരിനും സിപിഐഎമ്മിന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനുമെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് സഹമന്ത്രി ചന്ദ്രശേഖർ ഉന്നയിച്ചത്.
എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് ശശി തരൂർ : എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്നും ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (No Matter Who Contests In Thiruvananthapuram Says Shashi Tharoor).
ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിന്‍റെ തീരുമാനം വ്യക്തിപരമാണ്. കെ മുരളീധരൻ ഇപ്പോഴും കരുണാകരന്‍റെ ലെഗസിയുമായി പാർട്ടിയുടെ കൂടെ ഉണ്ടല്ലോയെന്നും തരൂർ പറഞ്ഞു. താൻ 15 വർഷമായി ഇവിടെ ഉള്ള ആളാണ്. അതിനാലാണ് പ്രത്യേക സ്വീകരണങ്ങൾ ഒഴിവാക്കിയതെന്നും ഇനി തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് ആണിത്. താൻ കൊണ്ട് വന്നതല്ലാതെ എന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. 20 സീറ്റും കോൺഗ്രസിന് ലഭിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടക്കുന്നത് 'ഞാൻ ഞാനാണ്' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ കഴിഞ്ഞ മാസം സംസാരിച്ചുക്കൊണ്ടായിരുന്നു മോദിക്കെതിരെ തരൂർ വിമർശനമുന്നയിച്ചിരുന്നത് (Shashi Tharoor Hits out at PM Modi).
ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നിങ്ങൾ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും റബ്ബർ സ്‌റ്റാമ്പുകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
നേരത്തെ 80 ശതമാനം ബില്ലുകളും പാർലമെന്‍ററി കമ്മറ്റിയിലേക്ക് പോയിരുന്നെന്നും എന്നാൽ 2014 ന് ശേഷം 16 ശതമാനം മാത്രമാണ് പോകാൻ തുടങ്ങിയതെന്നും സർക്കാരിന്‍റെ രണ്ടാം ഭരണകാലത്ത് അത് ഇതിലും കുറഞ്ഞെന്നും തരൂർ അവകാശപ്പെട്ടിരുന്നു.