ന്യൂഡല്‍ഹി: ദീര്‍ഘദൂര യാത്രക്കാരുടെ, പ്രത്യേകിച്ച് തനിച്ചുള്ള വനിതാ യാത്രികരുടെ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ റെയില്‍ ശൃംഖലകളിലുമായി 245 വനിത ആര്‍പിഎഫ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ആശങ്കകള്‍ ഉയര്‍ത്തുന്ന സ്റ്റേഷനുകള്‍, ട്രെയിനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വനിത ആര്‍പിഎഫ് അംഗങ്ങളുടെ എണ്ണവും മറ്റും ക്രമീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ സമയം, പ്രദേശം, ഭീഷണികള്‍ തുടങ്ങിയവയും മുന്‍കാല കുറ്റകൃത്യ രേഖകള്‍ പരിശോധിച്ച് ഇതിനായി കണക്കാക്കിയിട്ടുണ്ട്. ഓരോ ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും ആര്‍പിഎഫ് ജീവനക്കാരുടെ എണ്ണം, ജിആര്‍പിയുമായി സഹകരിച്ചാണ് നിശ്ചയിക്കുന്നത്.
മേരി സഹേലി പദ്ധതിയിലൂടെയാണ് സ്റ്റേഷനുകളിലും ട്രെയിനുകളിലും വനിത ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുക. 700 വനിത ആര്‍പിഎഫ് ഉദ്യോഗസ്ഥരടങ്ങിയ 245 സംഘങ്ങളെയാണ് നിത്യവും വനിത യാത്രക്കാരുടെ സുരക്ഷയ്ക്ക് വിന്യസിക്കുന്നത്. അശ്വിനി വൈഷ്‌ണവ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോ ട്രെയിനുകളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ അധികൃതര്‍ നിശ്ചയിക്കുന്നത്.
2023-24 വര്‍ഷം എല്ലാ സോണുകളിലും യാത്ര ചെയ്‌തത് 184 ലക്ഷം പേരാണ്. 2023-24 സാമ്പത്തിക വര്‍ഷം ട്രെയിനുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌ത് യാത്ര ചെയ്‌തവരില്‍ 36 ശതമാനവും വനിതകളാണ്. അതേസമയം ബുക്ക് ചെയ്യാതെ യാത്ര ചെയ്‌തവരുടെ കണക്കുകള്‍ ലഭ്യമല്ല.
63051 ആര്‍പിഎഫ് ജീവനക്കാരാണ് രാജ്യത്തുള്ളത്. ഇതില്‍ 5900 പേര്‍ വനിതകളാണ്. അതായത് സേനയുടെ 9.36ശതമാനം വനിതകള്‍. കേന്ദ്ര സേനകളിലെ ഏറ്റവും ഉയര്‍ന്നസംഖ്യയാണിത്. 750ലേറെ സ്റ്റേഷനുകളില്‍ ആര്‍പിഎഫ് പോസ്റ്റുകളുണ്ട്. ഇവിടെയെല്ലാം കൂടുതല്‍ വനിതകളാണ് ഉള്ളതെന്നും മന്ത്രി അറിയിച്ചു.
വനിതകളടക്കമുള്ള ആര്‍പിഎഫ് അംഗങ്ങളെ നിയോഗിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. പരിശീലനം സിദ്ധിച്ച വനിതകളെയാണ് വനിത യാത്രികരുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഇവര്‍ക്ക് യാത്ര സുഗമമാക്കുക എന്നതാണ് ലക്ഷ്യം.
അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ വനിതാശാക്തീകരണവും വനിത ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളും കണ്ടറിഞ്ഞാണ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നത്. മേരി സഹേലി, ഓപ്പറേഷന്‍ മാതൃശക്തി, മനുഷ്യക്കടത്ത് വിരുദ്ധ നടപടികള്‍, ഓപ്പറേഷന്‍ നാനെ ഫരിഷ്‌ടെ, ഓപ്പറേഷന്‍ ഡിഗ്നിറ്റി തുടങ്ങി വിവിധ പദ്ധതികള്‍ സ്‌ത്രീ സുരക്ഷയ്ക്കായി റെയില്‍വേ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read: അമൃത് പദ്ധതി; കേരളത്തില്‍ വികസിപ്പിക്കുന്നത് 35 റെയില്‍വേ സ്റ്റേഷനുകള്‍, ഏതൊക്കെയെന്നറിയാം