ഗാന്ധിനഗര്‍: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ് നടത്തിയ എന്‍ജിഒ സ്ഥാപക പിടിയില്‍. ഗുജറാത്ത് തപസ്യ നാരി സേവാ സമിതി ചാരിറ്റബിൾ ട്രസ്‌റ്റിന്‍റെ സ്ഥാപക റിഷിദ താക്കൂറാണ് പൊലീസിന്‍റെ പിടിയിലായത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് റിഷിദയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
റിഷിദ ഡൽഹിയിൽ നിന്നുള്ള തന്‍റെ കൂട്ടാളികളായ ജഗ്മീത് സിങ്, അശുതോഷ് അറോറ, നിഖിൽ ഛബ്ര, ഗോരഖ് ധാമ എന്നിവരുമായി ചേർന്ന് റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് രണ്ട് യുവാക്കളില്‍ നിന്ന് 31.47 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഗുജറാത്തിലെ ഗാന്ദേവി സ്വദേശികളായ കരാട്ടെ അധ്യാപകൻ വിപിൻ കുശ്വാഹയും സുഹൃത്ത് അഭിഷേക് പട്ടേലുമാണ് ഈ തട്ടിപ്പിന് ഇരയായത്.
വിപിനും അഭിഷേകിനും ഇവര്‍ വ്യാജ റെയിൽവേ കോൾ ലെറ്ററുകളും ഐഡി കാർഡുകളും നൽകി. കൂടാതെ, രണ്ട് യുവാക്കൾക്കും ഡൽഹി റെയിൽവേ യാർഡിൽ പരിശീലനവും കൊടുത്തു. പരിശീലനത്തിന് ശേഷം ജോലി ലഭിക്കാത്തതിരുന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന് ഇരുവരും തിരിച്ചറിയുന്നത്. തുടര്‍ന്ന് റിഷിദ താക്കൂറിനും കൂട്ടാളികളായ നാല് പേർക്കുമെതിരെ വിപിൻ പൊലീസില്‍ പരാതി നൽകി.
പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റിഷിദയെ പിടികൂടുന്നത്. അറസ്‌റ്റ് ഒഴിവാക്കാൻ റിഷിദ താക്കൂർ നവസാരി കോടതിയിൽ നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇതിന് പിന്നാലെ റിഷിദ താക്കൂറിനെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കുകയായിരുന്നു.
റിഷിദ ഡൽഹിയിലുണ്ടെന്ന് വിവരം ലഭിച്ച് പൊലീസ് ഡൽഹിയിലെത്തിയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട് അവര്‍ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെത്തി. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ സമൃദ്ധി ഗ്രാൻഡ് അവന്യൂവിൽ ഉണ്ടെന്ന് കണ്ടെത്തി അവിടെ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഒപ്പമുണ്ടായിരുന്ന നാല് കൂട്ടാളികളെയും പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Also Read: ബൈക്കിലെത്തി തോക്കുചൂണ്ടി കവര്‍ച്ച; ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റുകളില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു