ബന്‍സ്വാര : 2024-ൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ 'തൊഴിൽ വിപ്ലവം' ആയിരിക്കും ഉണ്ടാവുകയെന്ന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.(Congress promised a new 'employment revolution' if the party comes to power in 2024). രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബൻസ്വാരയിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024-ൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാലുടൻ പുതിയ റോസ്‌ഗർ വിപ്ലവം ആരംഭിക്കും. രാജ്യത്തെ കോടിക്കണക്കിന് യുവാക്കൾക്ക് വേണ്ടി കോൺഗ്രസ് പാർട്ടി ഇന്ന് വലിയൊരു പ്രഖ്യാപനം നടത്തുകയാണെന്ന് റാലിക്ക് ശേഷം ഖർഗെ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
ഭാരതി ഭരോസ (റിക്രൂട്ട്‌മെന്‍റ് ട്രസ്റ്റ്), പെഹ്‌ലി നൗക്രി പക്കി (ആദ്യ ജോലി ഉറപ്പ്), പേപ്പർ ലീക്ക് സേ മുക്തി (പേപ്പർ ചോർച്ചയിൽ നിന്ന് രക്ഷ), ജിഗ് എക്കണോമിയില്‍ നിന്ന് സാമൂഹിക സുരക്ഷ, യുവ റോഷ്‌നി (യുവ പ്രകാശം) എന്നിങ്ങനെ അഞ്ച് വാഗ്‌ദാനങ്ങളാണ് ഖര്‍ഗെ പ്രഖ്യാപിച്ചത്.
രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും കോൺഗ്രസ് ഭാരതി ഭരോസ ഉറപ്പ് നൽകുന്നുവെന്ന് ഖാർഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷത്തോളം തസ്‌തികകള്‍ നികത്തും. പരീക്ഷ മുതൽ റിക്രൂട്ട്മെന്‍റ് വരെയുള്ള നടപടികള്‍ക്ക് നിശ്ചിത സമയം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിരുദം നേടിയതിന് ശേഷവും ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ യുവാക്കള്‍ക്ക് തൊഴിൽ ലഭിക്കാത്ത സ്ഥിതിയുണ്ട്. കോൺഗ്രസ് പാർട്ടി റൈറ്റ് ടു അപ്രന്‍റീസ്ഷിപ്പ് നിയമം കൊണ്ടുവരുമെന്ന് ഉറപ്പുനൽകുന്നു. അതിലൂടെ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ 25 വയസ്സിന് താഴെയുള്ള എല്ലാ ഡിഗ്രി,ഡിപ്ലോമക്കാര്‍ക്കും അപ്രന്‍റീസ്ഷിപ്പ് പരിശീലനം നൽകും. എല്ലാ അപ്രന്‍റീസുകള്‍ക്കും ഒരു വർഷം ഒരു ലക്ഷം രൂപ, അതായത് മാസം 8,500 രൂപ വീതം 'പെഹ്‌ലി നൗക്രി പക്കി' പദ്ധതിയില്‍ നൽകും.
എല്ലാ പരീക്ഷകളും നീതിയുക്തമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ കോൺഗ്രസ് പേപ്പർ ചോർച്ച തടയുമെന്നും ഖാർഗെ പറഞ്ഞു.
'ഇന്ന് രാജ്യത്ത് റിക്രൂട്ട്‌മെന്‍റ് നടക്കാത്ത സാഹചര്യമാണ്. റിക്രൂട്ട്‌മെന്‍റ് നടപടികൾ ആരംഭിച്ചാലും ചോദ്യ പേപ്പറില്ല, ചോദ്യ പേപ്പറുണ്ടെങ്കിൽ അവ ചോരുന്നു. ഗ്രാമങ്ങളിൽ നിന്നും ചെറുപട്ടണങ്ങളിൽ നിന്നും നമ്മുടെ യുവാക്കൾ പഠിക്കാൻ നഗരങ്ങളിൽ വരുന്നത് സങ്കല്‍പിച്ച് നോക്കൂ.അവരുടെ രക്ഷിതാക്കൾ ജീവിത സമ്പാദ്യം മുഴുവൻ മക്കള്‍ക്ക് സർക്കാർ ജോലി നേടിക്കൊടുക്കാൻ ചെലവഴിക്കുന്നു. അതുകൊണ്ടു തന്നെ പുതിയ നിയമം കൊണ്ടുവന്ന് പേപ്പർ ചോര്‍ച്ചയ്ക്ക് പൂർണ വിരാമമിടുമെന്ന് കോൺഗ്രസ് പാർട്ടി ഉറപ്പുനൽകുന്നു.എല്ലാ പരീക്ഷകളും നടക്കുന്നു എന്നതും ഉറപ്പാക്കും. നമ്മുടെ യുവാക്കളുടെ വർഷങ്ങളായുള്ള കഠിനാധ്വാനം പാഴാകരുത്.' ഖാര്‍ഗെ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിലും ഭാരത് ജോഡോ ന്യായ് യാത്രയിലും രാഹുൽ ഗാന്ധി ലക്ഷക്കണക്കിന് ആളുകളെ കണ്ടുമുട്ടി. ട്രക്ക് ഡ്രൈവർമാർ, മെക്കാനിക്‌സ് കാർപെന്‍റര്‍മാർ, ഡെലിവറി ജോലി ചെയ്യുന്നവര്‍, ടാക്‌സി ഡ്രൈവർമാർ തുടങ്ങി അനൗപചാരിക ജിഗ് എക്കണോമിയുടെ ഭാഗമായ നിരവധി ആളുകളെ അദ്ദേഹം കണ്ടു. രാഹുൽ ജി അവരുടെ സങ്കടങ്ങൾ കേട്ടു. അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി. അവരുടെ ശമ്പളം അദ്ദേഹം ചോദിച്ചു മനസിലാക്കി.
ഇതിനുശേഷം രാജസ്ഥാനിലെ അന്നത്തെ കോൺഗ്രസ് സർക്കാർ ഇവരുടെയെല്ലാം ക്ഷേമത്തിനായി സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവന്നു. ജിഗ് എക്കണോമിയിൽ സാമൂഹിക സുരക്ഷയ്ക്കും തൊഴിൽ സാഹചര്യങ്ങൾക്കുമായി പുതിയ നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസ് പാർട്ടി ഉറപ്പ് നൽകുന്നു. ജിഗ് എക്കണോമിയിൽ അനൗപചാരികമായി ജോലി ചെയ്‌തുകൊണ്ട് കുടുംബത്തെ പോറ്റുന്ന കോടിക്കണക്കിന് യുവാക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും ഖാർഗെ പറഞ്ഞു.
യുവരോഷ്‌നി പദ്ധതിക്ക് കീഴിൽ 40 വയസില്‍ താഴെയുള്ള യുവാക്കൾക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് ഫണ്ട് നൽകുമെന്ന് കോൺഗ്രസ് പാർട്ടി ഉറപ്പുനൽകുന്നു. ഈ ബിസിനസുകളെല്ലാം യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും-ഖാര്‍ഗെ പറഞ്ഞു.
വിളകൾക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി കർഷകർക്ക് നൽകുമെന്നും ന്യായ് യാത്ര റാലിയിൽ രാഹുൽ ഗാന്ധിയും ഇതേ ഉറപ്പുകൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ഖര്‍ഗെ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 30 ലക്ഷം സർക്കാർ ഒഴിവുകൾ ഉണ്ടെന്നും മോദി ജിയോ ബിജെപിയോ അത് നികത്തുന്നില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. അധികാരത്തിൽ വന്നതിന് ശേഷം ഈ തസ്‌തികകൾ നികത്തുക എന്നതാണ് ഞങ്ങളുടെ ആദ്യപടി എന്നും ഖാര്‍ഗെ പറഞ്ഞു.അതേസമയം, ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രവേശിച്ചിരിക്കുകയാണ്.
Also Read : ബിജെപി കോട്ടയിലെ ഭാരത് ജോഡോ ; ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം 4 ദിവസം, അനുഗമിക്കാന്‍ എഎപിയും