ന്യൂഡൽഹി : യുവാക്കൾക്കായി രാഹുൽ ഗാന്ധി നല്‍കിയ അഞ്ച് വാഗ്‌ദാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രധാന അജണ്ടയായി അത് ഉയര്‍ത്തിക്കാട്ടണമെന്നും കേന്ദ്ര-സംസ്ഥാന നേതാക്കളോട് കോൺഗ്രസ് നേതൃത്വം. മാർച്ച് 7 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി യുവാക്കള്‍ക്കുള്ള തന്‍റെ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ചത്. രാഹുലിന്‍റെ വാഗ്‌ദാനങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് പാർട്ടി നിര്‍ദേശം. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, പിസിസി പ്രസിഡന്‍റുമാര്‍,സിഎൽപി നേതാക്കള്‍, എഐസിസി സെക്രട്ടറിമാര്‍ യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ മേധാവികള്‍ എന്നിവര്‍ക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇതുസംബന്ധിച്ച് കത്ത് അയച്ചു.
'രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങളുടെ വ്യാപ്തിയും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ഈ സന്ദേശം എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി മാർച്ച് 8, 9 തീയതികളിൽ വാർത്താസമ്മേളനം നടത്തി വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കണം. രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കൾ വഹിക്കുന്ന പങ്ക് മനസിലാക്കി, തൊഴിലില്ലായ്മയെന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിൽ കൈകോർക്കുകയും നമ്മുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്'- കത്തില്‍ പറയുന്നു.
പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന വാഗ്ദാനമാണ് 2014ൽ മോദിയെ പ്രധാനമന്ത്രിയാകാൻ സഹായിച്ചത്. എന്നാൽ ബി.ജെ.പി ഇപ്പോള്‍ അതിനെപ്പറ്റി സംസാരിക്കുന്നില്ലെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഭിഷേക് ദത്ത് പറഞ്ഞു. നിങ്ങൾ തൊഴിലില്ലായ്‌മ പ്രതിസന്ധി ഉന്നയിക്കുന്ന നിമിഷം ശ്രദ്ധ തിരിക്കാനായി ബിജെപി പാകിസ്ഥാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങും.
കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണ് നമ്മുടേത് എന്നതാണ് വസ്‌തുത. കേന്ദ്രസർക്കാര്‍ നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. ജോലിയില്ലാത്തതിനാല്‍ യുവാക്കൾ നിരാശരും അസ്വസ്ഥരുമാണ്. പൊലീസ് പരീക്ഷ റദ്ദാക്കിയതിനെതിരെ ഉത്തർപ്രദേശിൽ വൻ പ്രതിഷേധങ്ങൾ നടന്നത് നമ്മൾ കണ്ടതാണ്. മറ്റ് സ്ഥലങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെന്നും ദത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
'തൊഴിലില്ലായ്‌മയും കുറ്റകൃത്യങ്ങളുടെ നിരക്കും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഉത്പാദനക്ഷമമായ ജോലിയിൽ യുവാക്കൾ ഏർപ്പെട്ടില്ലെങ്കിൽ അവർ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നേക്കാം. ദിവസവും 10 മണിക്കൂറെങ്കിലും യുവാക്കള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നത് പ്രധാനമായും അവർക്ക് ജോലിയില്ലാത്തതിനാലാണ് എന്ന് നമ്മുടെ നേതാവ് പണ്ട് പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ തീർച്ചയായും യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കും'- അഭിഷേക് ദത്ത് പറഞ്ഞു.
30 ലക്ഷം കേന്ദ്ര സർക്കാർ ഒഴിവുകളുടെ ഘട്ടംഘട്ടമായുള്ള നികത്തല്‍, 25 വയസിൽ താഴെയുള്ള ഡിപ്ലോമക്കാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ശമ്പളമോ സ്റ്റൈപ്പന്‍റോ ലഭിക്കുന്ന ജോലി നൽകുമെന്ന ഉറപ്പ്, സർക്കാർ റിക്രൂട്ട്‌മെന്‍റില്‍ സുതാര്യത ഉറപ്പാക്കാനുള്ള നിയമം, സാമൂഹിക സുരക്ഷ പദ്ധതി, ജിഗ് ഇക്കണോമി തൊഴിലാളികള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനായി 5,000 കോടി രൂപയുടെ ഫണ്ട്. എന്നിവയാണ് രാഹുല്‍ ഗാന്ധിയുടെ അഞ്ച് ഗ്യാരന്‍റികള്‍.
Also Read : കോണ്‍ഗ്രസ് തൊഴിൽ വിപ്ലവം സൃഷ്‌ടിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; യുവാക്കള്‍ക്കായി അഞ്ച് പദ്ധതികള്‍
വാഗ്‌ദാനത്തിന്‍റെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി 30 ലക്ഷത്തോളം ഒഴിവുകളും പാര്‍ട്ടി വിശദീകരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളിലെയും വിവിധ വകുപ്പുകളിലെയും 9 ലക്ഷം ഒഴിവുകള്‍, പൊതുമേഖല ബാങ്കുകളിൽ 2 ലക്ഷം, ആരോഗ്യ മേഖലയില്‍ 1.6 ലക്ഷം,അംഗൻവാടി ജീവനക്കാർ 1.76 ലക്ഷം, സെൻട്രൽ സ്കൂളുകളിൽ 16,329, സംസ്ഥാന സർക്കാർ സ്കൂളുകളിൽ 8.3 ലക്ഷം, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിൽ 18,000, ഐഐടികൾ, ഐഐഎം, എൻഐടികൾ എന്നിവയിൽ 16,687, സെൻട്രൽ സ്കൂളുകളിൽ 1,662, ആർമിയിൽ ഒരു ലക്ഷം, കേന്ദ്ര സായുധ സേനകളില്‍ 91,929, സംസ്ഥാന പൊലീസ് സേനകളിൽ 5.3 ലക്ഷം, സുപ്രീം കോടതിയിൽ 4, ഹൈക്കോടതികളിൽ 419, ജില്ല കോടതികളിലും കീഴ്‌ക്കോടതികളിലുമായി 4,929 എന്നിങ്ങനെയാണ് ഒഴിവുകള്‍.