ഇംഫാൽ : കുക്കി-മെയ്‌തി സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ ജോയിൻ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മൂന്ന് സ്‌ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ മെയ്‌തി സമുദായത്തിൽപ്പെട്ട ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. ജിരിബാം ആസ്ഥാനമായുള്ള ജോയിൻ്റ് ആക്ഷൻ കമ്മിറ്റി ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം രേഖപ്പെടുത്തി.
അതേസമയം കൊല്ലപ്പെട്ട ഒൻപത് പേരുടെ മൃതദേഹങ്ങൾ സംസ്‌കാരത്തിനായി അസമിലെ സിൽച്ചാറിൽ നിന്ന് മണിപ്പൂരിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഒൻപത് പേരുടെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കതിരെ നടപടിയെടുക്കുമെന്ന് മണിപ്പൂർ സർക്കാർ ഉറപ്പ് നൽകുന്നതുവരെ മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി കൊണ്ടുവരരുതെന്നായിരുന്നു നേരത്തെ സമിതിയുടെ തീരുമാനം. അന്വേഷണത്തിനായി സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസിയെ സമീപിച്ചതോടെയാണ് മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി തിരികെ കൊണ്ടുവരാൻ സമിതി തീരുമാനിച്ചത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പോസ്റ്റ്‌മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിലവില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇവരെ ജിരിബാമിലേക്ക് തിരികെ കൊണ്ടുവരുമെന്നും കുടുംബാംഗങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്താൻ അവസരമൊരുക്കുമെന്നും കമ്മിറ്റി കൺവീനർ വൈ സൻജോയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
നവംബർ 11ന് സുരക്ഷാ സേനയും കുക്കി-സോ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഒൻപത് പേരെ കാണാതാവുകയായിരുന്നു. പിറ്റേന്ന് ജിരിബാം ജില്ലയിലെ ജക്കുറദോറിൽ ചിലരുടെ മൃദദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇതില്‍ മൂന്ന് സ്‌ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ബരാക് നദിയില്‍ നിന്നുമാണ് കിട്ടിയത്. ജിരിബാമിലെ ബോറോബെക്ര പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കുക്കി-സോ വിഭാഗം സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ് പോവുകയായിരുന്നുവെന്നും ആരോപണമുണ്ട്.
റാണി ദേവി (60), തെലം തോയ്ബി ദേവി (31), അവരുടെ മകൾ തെലം തജമാൻബി ദേവി (8), ലൈഷ്റാം ഹെയ്‌ത്തോയിബി ദേവി (25), അവരുടെ രണ്ട് മക്കളായ ലൈഷ്റാം സിങ് (2.5), പത്ത് മാസം പ്രയമുള്ള ലൈഷ്റാം ലംഗൻബ സിങ് എന്നിവരാണ് മരിച്ചത്. സംഭവം പുറത്തുവന്നതോടെ വീണ്ടും ആക്രമണം തുടങ്ങിയതാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ, സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു.
Also Read: ബിരേൻ നിയന്ത്രണത്തില്‍ മണിപ്പൂര്‍; എൻപിപി, എൻഡിഎ പോരില്‍ സംസ്ഥാനം വിട്ട് എംഎൽഎമാര്‍