ന്യൂഡൽഹി: പുതിയ 'വെള്ള ടീ ഷർട്ട്' പ്രസ്ഥാനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാനായാണ് പുതിയ പ്രസ്ഥാനം ആരംഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ദരിദ്രർക്ക് പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ഇതിനെതിരെ പോരാടണമെന്നും ആഹ്വാനം ചെയ്‌തായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
'നിങ്ങൾ സാമ്പത്തിക നീതിയിൽ വിശ്വസിക്കുന്നുവെങ്കിൽ വർധിച്ചുവരുന്ന സമ്പത്ത് അസമത്വങ്ങളെ എതിർക്കുക, സാമൂഹിക സമത്വത്തിനായി പോരാടുക, എല്ലാത്തരം വിവേചനങ്ങളും നിരസിക്കുക, നമ്മുടെ രാജ്യത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ വെള്ള ടീ-ഷർട്ടുകൾ ധരിച്ച് പ്രസ്ഥാനത്തിൽ ചേരുക,' എക്‌സിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്‌തു.
'ഇന്ന് മോദി സർക്കാർ ദരിദ്രർക്കും തൊഴിലാളി വർഗത്തിനും നേരെ പുറംതിരിഞ്ഞു നിൽക്കുകയാണ്. സർക്കാരിന്‍റെ മുഴുവൻ ശ്രദ്ധയും തെരഞ്ഞെടുത്ത കുറച്ച് മുതലാളിമാരെ സമ്പന്നരാക്കുന്നതിലാണ്. ഇക്കാരണത്താൽ, രാജ്യത്ത് അസമത്വം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ രക്തവും വിയർപ്പും കൊണ്ട് പോഷിപ്പിക്കുന്ന തൊഴിലാളികളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. വിവിധതരം അനീതികളും അതിക്രമങ്ങളും സഹിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരം സാഹചര്യത്തിൽ, അവർക്ക് നീതിയും അവകാശങ്ങളും ലഭിക്കുന്നതിന് ശക്തമായി ശബ്‌ദമുയർത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഈ ചിന്തയോടെയാണ് ഞങ്ങൾ #WhiteTshirtMovement ആരംഭിക്കുന്നത്. എന്‍റെ യുവാക്കളോടും തൊഴിലാളിവർഗ സഹപ്രവർത്തകരോടും ഈ പ്രസ്ഥാനത്തിൽ വലിയ തോതിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ക്യാമ്പയ്‌നിൽ ചേരുന്നതിനും അതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുന്നതിനും https://whitetshirt.in/home/hin എന്ന ലിങ്ക് സന്ദർശിക്കുകയോ 9999812024 എന്ന നമ്പറിൽ മിസ്‌ഡ് കോൾ നൽകുകയോ ചെയ്യുക എന്നും രാഹുൽ എക്‌സിൽ കുറിച്ചു.
'വൈറ്റ് ടീ-ഷർട്ട്' വെറുമൊരു തുണിക്കഷണമല്ല, മറിച്ച് പാർട്ടിയുടെ അഞ്ച് മാർഗനിർദേശ തത്വങ്ങളായ കരുണ, ഐക്യം, അഹിംസ, സമത്വം, എല്ലാവർക്കും പുരോഗതി എന്നിവയുടെ പ്രതീകമാണ്. ഈ മൂല്യങ്ങൾ ഇന്ത്യയുടെ 8000 വർഷം പഴക്കമുള്ള നാഗരികതയുടെ ആത്മാവിനെ പ്രതിധ്വനിപ്പിക്കുന്നു. ഇത് ഐക്യത്തിലും വൈവിധ്യത്തിലും അധിഷ്‌ഠിതമാണ്. ഇന്ന് വരുമാനം, ജാതി, മതം എന്നിവയിൽ വേരൂന്നിയ വർധിച്ചു വരുന്ന അസമത്വങ്ങൾ പ്രത്യയശാസ്ത്രത്തിനപ്പുറം നടപടി ആവശ്യപ്പെടുന്നു. നമ്മുടെ പ്രതിബദ്ധത ധർമത്തിന്‍റെയും കർമത്തിന്‍റെയും തത്വചിന്തയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ധർമം സമൂഹത്തെ നിസ്വാർഥമായി സേവിക്കാനുള്ള കടമയാണ്. അതേസമയം കർമം അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും നീതിക്കു വേണ്ടി പോരാടുന്നതിനുമുള്ള ദൃഢനിശ്ചയമാണ്" എന്നും സന്ദേശത്തിൽ പറയുന്നു.
ഓരോ വ്യക്തിയെയും വിലമതിക്കുന്ന ഒരു സമൂഹം സൃഷ്‌ടിക്കാൻ അഞ്ച് തത്വങ്ങൾക്ക് കഴിയുമെന്ന് വെബ്‌സൈറ്റ് പറയുന്നു. നമുക്കെല്ലാവർക്കും മാറ്റത്തിന്‍റെ ഏജന്‍റുമാരാകാം, അഭിമാനത്തോടെ ഈ ജീവിതരീതി സ്വീകരിക്കാം. വെളുത്ത ടീ-ഷർട്ട് നീതിയുക്തവും ഏകീകൃതവുമായ ഇന്ത്യയ്ക്കുള്ള ആഹ്വാനമാണ്. അത് ധരിക്കുന്നതിലൂടെ, ഭാരത് ജോഡോയുടെ ആത്മാവിനെ ഞങ്ങൾ ബഹുമാനിക്കുന്നു. ഭിന്നതകളെ പാലിച്ചുകൊണ്ട് ഏകീകൃതവും തുല്യവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നും അത് വെബ്‌സൈറ്റ് ആഹ്വാനം ചെയ്യുന്നു.
Also Read:രാഹുലിന്‍റെ ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം കേട്ട് 250 രൂപയുടെ നഷ്‌ടമുണ്ടായി; കോടതിയില്‍ പരാതി