ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്‍. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി രംഗത്തെത്തിയത്.
ഭരണഘടനയിൽ വിശ്വാസമില്ലെന്ന തരത്തിലാണ് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ പ്രസംഗം നടത്തിയതെന്നും, പ്രസംഗം എഴുതിക്കൊടുത്തത് ഒരു കമ്മ്യൂണിസ്‌റ്റുകാരനാണെന്നും മജുംദാര്‍ ആരോപിച്ചു. ചർച്ചയിൽ ഭരണഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ അദ്ദേഹം അഭിനന്ദിച്ചു,'കോൺഗ്രസ് പാർട്ടിയുടെ യഥാര്‍ഥ മുഖം രാജ്യത്തിന് മുന്നിൽ മോദി തുറന്നുകാട്ടി' എന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു കമ്യൂണിസ്റ്റുകാരനാണ് എഴുതിയതെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും, ഈ പ്രസംഗം ഭരണഘടനയിൽ വിശ്വസിക്കാത്തതിനെക്കുറിച്ചായിരുന്നുവെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, കഴിഞ്ഞ ദിവസം ഭരണഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്നും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും അംബേദ്‌ക്കറിന്‍റെയും ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ കരുതിയാണ് രാഹുല്‍ പാര്‍ലമെന്‍റില്‍ സംസാരിച്ചു തുടങ്ങിയത്. ചര്‍ച്ചയില്‍ വിഡി സവര്‍ക്കറെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ല എന്നായിരുന്നു സവര്‍ക്കറുടെ അഭിപ്രായം. മനുസ്‌മൃതിയാണ് ഔദ്യോഗിക രേഖ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഭരണഘടനയെ സംരക്ഷിക്കുമെന്ന് ബിജെപി പറയുന്നത് സവര്‍ക്കറെ അപമാനിക്കുന്നതിന് തുല്യമാണ്. ഭരണഘടനയല്ല, മനുസ്‌മൃതിയാണ് ഇന്നും ബിജെപിയുടെ നിയമസംഹിതയെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.