ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യോഗം ചേരാന്‍ കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്‌ക്ക് അനുകൂലമായി വന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യോഗം ചേരുന്നത്. ഡല്‍ഹിയില്‍ ഓണ്‍ലൈനായാണ് യോഗം.
യോഗത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും. ഈ യോഗത്തിന് ശേഷം ഖാർഗെയും രാഹുല്‍ ഗാന്ധിയും ഉച്ചയ്ക്ക് ഒരു മണിക്ക് രാജ്യത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളുമായി മറ്റൊരു വെർച്വൽ മീറ്റിങ് കൂടി നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, പാർട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കൾ എന്നിവരാകും യോഗത്തില്‍ പങ്കെടുക്കുക. വോട്ടെണ്ണൽ ദിവസത്തെ ഒരുക്കങ്ങളാണ് യോഗത്തിന്‍റെ അജണ്ടയെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്‌ക്ക് ഒരുമണിക്കാണ് യോഗം.
ശനിയാഴ്‌ച ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ബ്ലോക്ക് യോഗത്തിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് യോഗം ചേരാന്‍ തയ്യാറെടുക്കുന്നത്. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ഡിഎംകെ, ജെഎംഎം, എഎപി, ആർജെഡി, ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ) എന്നീ പാർട്ടികളിലെ നേതാക്കളാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്‌ച ചർച്ചകൾക്കായി ഒത്തുകൂടിയിരുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഹാട്രിക് വിജയം ലഭിക്കുമെന്നാണ് ശനിയാഴ്‌ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് പാർട്ടികൾ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രകടനം മെച്ചപ്പെടുമെന്നാണ് സൂചന. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ 303 സീറ്റുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഈ പ്രാവിശ്യം നേടുമെന്നും രണ്ട് സർവേകൾ പ്രവചിക്കുന്നുണ്ട്. ബിജെപി മൂന്നാം തവണ അധികാരത്തിൽ എത്താന്‍ ശ്രമിക്കുമ്പോള്‍ ആദ്യത്തെ അവസരത്തിനായുള്ള ശ്രമത്തിലാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി.