സുൽത്താൻപൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസില്‍ വാദം കേൾക്കുന്നത് മെയ് 27-ലേക്ക് മാറ്റി. ഉത്തര്‍ പ്രദേശിലെ പ്രത്യേക കോടതിയില്‍ പുതിയ ജഡ്‌ജിയെ നിയമിച്ചിട്ടില്ലാത്തതിനാലാണ് കേസ് മാറ്റിയത്. ആറ് വർഷം മുമ്പ് ബിജെപി നേതാവ് വിജയ് മിശ്രയാണ് ഗാന്ധിക്കെതിരെ അപകീർത്തി കേസ് നൽകിയത്.
ഹർജിക്കാരന്‍റെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ, വിഷയം മെയ് 27-ന് പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. എംപി/എംഎൽഎ കോടതിയില്‍ ജഡ്‌ജിയെ നിയമിക്കാത്തതിനാൽ ഈ ദിവസം കേസ് എടുക്കാൻ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകൻ കാശി പ്രസാദ് ശുക്ല പറഞ്ഞു. ഒരു മാസം മുമ്പ് ജഡ്‌ജിയെ സ്ഥലം മാറ്റിയ കോടതിയില്‍ പുതിയ ജഡ്‌ജിയെ നിയമിച്ചിട്ടില്ല.
കേസില്‍, കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 20-ന് അമേഠിയിൽ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയായിരുന്ന രാഹുല്‍ ഗാന്ധി, യാത്ര നിര്‍ത്തി വെച്ച് കോടതിയിൽ ഹാജരായി ജാമ്യം നേടുകയായിരുന്നു. 2018 മേയിൽ, കർണാടക തെരഞ്ഞെടുപ്പിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി അമിത് ഷായ്‌ക്ക് എതിരെ പരാമര്‍ശം നടത്തിയത്.
അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഓഗസ്‌ത്- 4 ന് ആണ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരാതി ലഭിച്ചത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കൊലപാതക കേസിൽ പ്രതിയായ പാർട്ടി അധ്യക്ഷനാണ് അവര്‍ക്ക് ഉള്ളത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് പരാതി.
അന്ന് അമിത് ഷാ ആയിരുന്നു ബിജെപി അധ്യക്ഷന്‍. രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിന് ഏകദേശം നാല് വർഷം മുമ്പ്, 2005-ൽ ഗുജറാത്തിൽ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസിൽ ഷായെ മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടിരുന്നു.