അമേഠി (ഉത്തർപ്രദേശ്) : രാജ്യത്തെ തൊഴിലില്ലായ്‌മയേയും വിലക്കയറ്റത്തെയും ഇതുവരെയായി നടപ്പിലാക്കിയ നയങ്ങളെയും അഭിസംബോധന ചെയ്‌ത് ഒരു തെരഞ്ഞെടുപ്പിലെങ്കിലും പോരാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്‌ച അമേഠിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ആയിരുന്നു പ്രിയങ്കയുടെ വെല്ലുവിളി. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി നിങ്ങൾ എന്താണ് ചെയ്‌തതെന്ന് പൊതുജനങ്ങളോട് പറയൂ എന്ന് മോദിയോട് ആവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി ഒന്നും ചെയ്യാത്തതിനാൽ പറയാനും ഒന്നുമുണ്ടാകില്ലെന്നും കുറ്റപ്പെടുത്തി.
'ഈ രാജ്യത്തെ ഭരിക്കുന്ന രാഷ്‌ട്രീയം നുണകളുടെ രാഷ്‌ട്രീയമാണ് എന്നതാണ് സത്യം. അവർ കള്ളം പറയുന്നു, എല്ലായിടത്തും പോകുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇപ്പോൾ ബോധവാന്മാരാകണം. നിങ്ങളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ്. ദൈവത്തിൻ്റെ പേരിൽ വോട്ട് തേടുന്ന അവർ പക്ഷേ ദൈവത്തിൻ്റെ പേരിൽ ജോലി ചെയ്യുന്നില്ല', പ്രിയങ്ക കൂട്ടിച്ചേർത്തു.
ദൈവം ഇന്ന് ജനങ്ങളുടെ മുന്നിൽ നിൽക്കുകയാണെങ്കിൽ, "എൻ്റെ പേരിൽ വോട്ട് ചെയ്യരുത്" എന്ന് പറയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. പകരം നിങ്ങളുടെ നേതാവ് നിങ്ങൾക്കായി എന്താണ് ചെയ്‌തതെന്ന് ചോദിക്കാൻ ദൈവം ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനെയും അതേ റാലിയിൽ പ്രിയങ്ക ഗാന്ധി വിമർശിച്ചു.
'ബിജെപിയുടെ ചരിത്രവും ഒന്നുതന്നെയാണ്, 'വലിയ വലിയ വാഗ്‌ദാനങ്ങൾ, പക്ഷേ ഭൂമിയിൽ ഒന്നുമില്ല' ('ബഡേ ബഡേ വാദേം, സമീൻ പർ കുച്ച് നഹി'). പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ വാഗ്‌ദാനങ്ങൾ നൽകി. രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കള്ളപ്പണം തിരിച്ച് കൊണ്ടുവരുമെന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ എൻ്റെ സഹോദരിമാർക്ക് വിലക്കയറ്റം നേരിടാൻ കഴിയുന്നില്ല എന്നതാണ് സത്യം. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് കുടുംബം നോക്കാൻ കഴിയില്ലെന്ന് എൻ്റെ കർഷക സഹോദരങ്ങൾക്ക് അറിയാം'- ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം മെയ് 20നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ അമേഠിയിൽ വോട്ടെടുപ്പ് നടക്കുക.
ALSO READ: അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ മതിലായി: ശിവരാജ് സിങ് ചൗഹാൻ