ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര ഭരണപ്രദേശത്ത് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തിടെ നടന്ന ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും ചേര്‍ന്ന ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 90 സീറ്റുകളില്‍ 48 എണ്ണം ഇന്ത്യ സഖ്യം വിജയിച്ചപ്പോള്‍ 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് മണ്ഡലങ്ങളില്‍ വിജയിച്ചു.
സംസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയായി എൻസി വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ള ചുമതലയേല്‍ക്കും. പത്ത് വർഷങ്ങള്‍ മുമ്പ് 2014-ലാണ് ജമ്മു കശ്‌മീരിൽ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
2017 ജൂൺ മുതൽ ജമ്മു കശ്‌മീര്‍ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ പിഡിപി നേതൃത്വത്തിലുള്ള മെഹബൂബ മുഫ്‌തി സര്‍ക്കാര്‍ വീണതോടെയാണ് സംസ്ഥാനം കേന്ദ്ര ഭരണത്തിന് കീഴിലായത്. ആറ് മാസത്തേക്ക് കേന്ദ്ര ഭരണവും തുടര്‍ന്ന് ആറ് മാസത്തേക്ക് ഗവർണർ ഭരണം എന്ന നിലയിലായിരുന്നു സംസ്ഥാനം. പിന്നീട്, അടുത്ത ആറ് മാസത്തേക്ക് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. അത് പിന്നീട് പാർലമെന്‍റിന്‍റെ അംഗീകാരത്തോടെ പലതവണ നീട്ടി.
2019 ഒക്‌ടോബർ 31 ന് ജമ്മു കശ്‌മീർ കേന്ദ്ര ഭരണ പ്രദേശമായി മാറിയപ്പോൾ ഇവിടെ ഏർപ്പെടുത്തിയ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചായിരുന്നു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയത്. 2019 ഓഗസ്റ്റ് 5, 2019-നാണ് ജമ്മു കശ്‌മീർ പുനസംഘടന നിയമം പാർലമെന്‍റ് പാസാക്കിയത്.
സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും അന്നുതന്നെ റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ ലെഫ്റ്റനന്‍റ് ഗവർണർ വഴി അനിശ്ചിതകാലത്തേക്ക് കേന്ദ്ര ഭരണം തുടരുമെന്ന് രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.