ബെംഗളുരു: നിരവധി സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നേരിടുന്ന പുറത്താക്കപ്പെട്ട ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയില്‍ വിട്ടു. ഇന്ന് പുലര്‍ച്ചെ ബെംഗളുരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.
42 -ാം എസിഎംഎം കോടതിയാണ് പ്രജ്വലിനെ ആറ് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്‌റ്റഡിയില്‍ വിട്ടത്. പതിനഞ്ച് ദിവസത്തെ കസ്‌റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ദിവസത്തെ കസ്‌റ്റഡി മതിയാകുമെന്ന് പ്രജ്വലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇയാളെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പ്രജ്വലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് അടക്കം വിധേയമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തില്‍ ഇയാളെ സുരക്ഷിതമായി കൊണ്ടുപോകാനായി നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. സിഐഎസ്എഫ് അറസ്‌റ്റ് ചെയ്‌ത പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ഇയാളെ പിന്നീട് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. വനിതാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവിലെത്തുന്നതിന് തൊട്ടുമുമ്പും ഇയാള്‍ അറസ്‌റ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മൂന്ന് ലൈംഗിക പീഡന ആരോപണ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഇയാളുടെ അമ്മ ഭവാനിയും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഭവാനി കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അവരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
Also Read: ലൈംഗിക പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്‌തത് വനിത ഉദ്യോഗസ്ഥര്‍