ബംഗളൂരു: പ്രജ്വല്‍ രേവണ്ണയെപ്പറ്റി പൊതു സമ്മേളനത്തിൽ പ്രസംഗിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജെഡി(എസ്) പരാതി നൽകി. കേസിലെ ഹിയറിങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി രാഹുലിന് സമൻസ് അയക്കണമെന്നും ജെഡിഎസ് സംസ്ഥാന പൊലീസ് ഡയറക്‌ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു.
ഷിമോഗയിലും റായ്ച്ചൂരിലും നടന്ന കോൺഗ്രസ് പാർട്ടിയുടെ പൊതു യോഗങ്ങളിലാണ് രാഹുൽ ഗാന്ധി പ്രജ്വല്‍ രേവണ്ണയെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയത്. പ്രജ്വലിന് വേണ്ടി വോട്ട് ചോദിച്ച മോദി 'കൂട്ടബലാത്സംഗത്തിനെ അനുകൂലിക്കുകയാണ് ചെയ്‌തതെന്നും' രാഹുല്‍ പറഞ്ഞിരുന്നു. ഇതേ കാര്യങ്ങളെല്ലാം മാധ്യമങ്ങൾക്ക് മുന്നില്‍ നിന്നും അദ്ദേഹം സംസാരിച്ചു. എല്ലാ അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങളിലും അവ സംപ്രേക്ഷണം ചെയ്യ്തു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ രാഹുല്‍ ഗാന്ധി ആക്രമിക്കപ്പെട്ട സ്‌ത്രീകളുടെ നീതിയെക്കുറിച്ച് ചിന്തിക്കാതെ ഇത്തരമൊരു പ്രസ്‌താവന നടത്തിയത് നിയമവിരുദ്ധമാണ്. അതിനാൽ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജെഡി(എസ്) നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 1860-ാം വകുപ്പ് പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ജെഡി(എസ്) ന്‍റെ ആവശ്യം. തെറ്റായ വിവരങ്ങൾ നൽകിയതിന്‍റെയും സമൂഹത്തില്‍ മോശം സന്ദേശം പരത്താന്‍ ശ്രമിച്ചതിന്‍റെയും പേരില്‍ രാഹുലിനെതിരെ സെക്ഷൻ 202 പ്രകാരം ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജെഡിഎസ് പാർട്ടി സിറ്റി യൂണിറ്റ് പ്രസിഡൻ്റ് എച്ച് എം രമേഷ് ഗൗഡ, വിധാൻ പരിഷത്ത് അംഗങ്ങളായ കെ എ തിപ്പേസ്വാമി, മഞ്ചെ ഗൗഡ, മുൻ പരിഷത്ത് അംഗം ചൗഡ റെഡ്ഡി തുപ്പള്ളി, പാർട്ടി ലീഗൽ യൂണിറ്റ് സംസ്ഥാന പ്രസിഡൻ്റ് എ പി രംഗനാഥ്, ബെംഗളൂരു സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി എസ് രമേഷ് എന്നിവരുടെ സംഘമാണ് പരാതി നല്‍കാന്‍ എത്തിയത്. എച്ച്എം രമേഷ് ഗൗഡ ആണ് പരാതിയില്‍ ഒപ്പിട്ടത്. ബന്ധപ്പെട്ട എല്ലാ രേഖകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കൂടാതെ വിവാദ പെൻഡ്രൈവ് പങ്കുവെക്കൽ സംബന്ധിച്ചും ജെഡി(എസ്) ഡിജിയുമായി ചർച്ച നടത്തി. പ്രജ്വല്‍ കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ പാർട്ടി പ്രവർത്തകരെ അകാരണമായി എല്ലാവരും കുറ്റപ്പെടുത്തുകയാണ്. എന്നാൽ പെൻഡ്രൈവ് ഷെയർ ചെയ്‌ത പ്രതികളെ കുറിച്ച് മൗനം പാലിക്കുകയാണ്. കോടതി ജാമ്യം നിഷേധിച്ചിട്ടും എസ്ഐടി ഇതുവരെ പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും പ്രതിനിധി സംഘം പരാതിപ്പെട്ടു.
Also Read: പോളിങ് ബൂത്തിലെ അക്രമം : എംഎല്‍എ വിവി പാറ്റ് മെഷീന്‍ തകർക്കുന്ന ദൃശ്യം പുറത്ത്