ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്‌രിവാളിനെ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്‌ണുഗുപ്‌ത സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അറസ്‌റ്റ് ചെയ്യപ്പെടുക വഴി ഭരണഘടന അനുശാസിക്കുന്ന വിശ്വാസ്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു മുഖ്യമന്ത്രിയെ തല്‍സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ്. വ്യക്തി താത്‌പര്യങ്ങള്‍ ദേശീയ താത്‌പര്യങ്ങള്‍ക്ക് മേലെ വരാന്‍ പാടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്നത് കെജ്‌രിവാളിന്‍റെ വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. മുമ്പ് എപ്പോഴെങ്കിലും രാഷ്‌ട്രപതി ഭരണമോ ഗവര്‍ണറുടെ ഭരണമോ കോടതി നടപ്പാക്കിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
പ്രശ്‌ന പരിഹാരത്തിനായി ഭരണഘടന സ്ഥാപനങ്ങളെ സമീപിക്കാനും കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഇതൊരു പ്രായോഗിക പ്രശ്‌നമാണെന്നും നിയമപ്രശ്‌നമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ഇക്കാര്യം പരിഗണിക്കാന്‍ യോഗ്യനാണെന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന് നമ്മുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ല. ഇക്കാര്യത്തില്‍ വിവേചനാധികാരം വേണം. നിയമവാഴ്‌ച തകര്‍ക്കുന്ന രീതിയിലോ ഇവ ലംഘിക്കുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഭരണഘടനയിലെ 164 -ാം അനുച്ഛേദത്തില്‍ പറയുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
കെജ്‌രിവാളിന്‍റെ അറസ്‌റ്റിന് ശേഷം ദേശീയ തലസ്ഥാന മേഖലയായ ഡല്‍ഹിയില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്‌റ്റോടെ കെജ്‌രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാതായെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
കഴിഞ്ഞാഴ്‌ചയും കോടതി സമാനമായ ഒരു പൊതുതാത്‌പര്യ ഹര്‍ജി തള്ളിയിരുന്നു. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഈ മാസം പതിനഞ്ച് വരെ കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡല്‍ഹി കോടതി തിങ്കളാഴ്‌ചയാണ് അദ്ദേഹത്തെ ജയിലിലാക്കിയത്.
Also Read: തിഹാര്‍ ജയിലില്‍ കെജ്‌രിവാളിന് ഉറക്കമില്ലാത്ത ആദ്യ രാത്രി; കിടന്നത് സിമന്‍റ് തറയില്‍