ന്യൂഡൽഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത് മൂന്ന് സ്‌കൂളുകള്‍ക്കാണ് 'ബോംബ് ഭീഷണി' ഇമെയിൽ ലഭിച്ചത്. സംഭവം കനത്ത തലവേദനയായിരുന്നു ഡല്‍ഹി പൊലീസിന് നല്‍കിയത്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കൊണ്ടുപിടിച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഒടുവില്‍ സംഭവങ്ങള്‍ക്ക് പിന്നിലെ ചുരുള്‍ അഴിച്ചിരിക്കുകയാണ് പൊലീസ്. ബോംബ് ഭീഷണി ഉയര്‍ത്തിയത് ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ തന്നെയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
പരീക്ഷ മാറ്റിവയ്‌ക്കലും അവധിയുമാണ് ഇതുവഴി ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നതെന്ന് പൊലീസ് അറിയിച്ചു. രോഹിണി പ്രശാന്ത് വിഹാർ പിവിആർ മൾട്ടിപ്ലക്സിന് അടുത്തുണ്ടായ ദുരൂഹമായ സ്ഫോടനത്തിന്‍റെ തൊട്ടടുത്ത ദിവസം, വെങ്കടേശ്വർ ഗ്ലോബൽ സ്‌കൂളിനായിരുന്നു ഇമെയില്‍ വഴി ഭീഷണി എത്തിയത്. സമഗ്രമായ പരിശോധനയ്‌ക്ക് ഒടുവില്‍ ഇതു വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒടുവില്‍, അന്വേഷണം ചെന്നുനിന്നത് ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരങ്ങളിലേക്കാണ്. പരീക്ഷ മാറ്റി വയ്‌ക്കുന്നതിനായാണ് തങ്ങള്‍ ഇതു ചെയ്‌തതെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. കൗണ്‍സിലിങ്ങിനിടെ, ബോംബ് ഭീഷണി ഉണ്ടായപ്പോള്‍ സ്‌കൂളുകൾക്ക് അവധി ലഭിച്ച മുന്‍ സംഭവങ്ങളില്‍ നിന്നാണ് തങ്ങള്‍ക്കും ഈ 'ഐഡിയ' ലഭിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇരുവരേയും മാതാപിതാക്കൾക്ക് ഒപ്പം പോകാന്‍ അനുവദിക്കുകയാണ് ചെയ്‌തത്.
രോഹിണിയിലും പശ്ചിമ വിഹാറിലുമുള്ള രണ്ട് സ്‌കൂളുകൾക്ക് കൂടി അവിടെ പഠിക്കുന്ന വിദ്യാർഥികൾ ഭീഷണി ഇമെയിലുകൾ അയച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ കാരണം ഒന്നുതന്നെ. സ്‌കൂളിന് അവധി വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. കൗണ്‍സിലിങ്ങിന് ശേഷം ഈ കുട്ടികളേയും മാതാപിതാക്കൾക്കൊപ്പം വിടുകയാണ് ചെയ്‌തതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ALSO READ: ജാതി സെൻസസ് പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമൻസ് അയച്ച് കോടതി - BAREILLY COURT NOTICE TO RAHUL
ഏറെയും വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) വഴിയാണ് ഇമെയിലുകൾ അയക്കുന്നത് എന്നതിനാല്‍ കുറ്റവാളികളെ കണ്ടെത്തുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ വർഷം മെയ് മുതൽ, ഡൽഹിയിലെ സ്‌കൂളുകളെ മാത്രമല്ല, ആശുപത്രികൾ, വിമാനത്താവളങ്ങൾ, എയർലൈൻ കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ട് 50-ലധികം ബോംബ് ഭീഷണി ഇമെയിലുകൾ വന്നിട്ടുണ്ട്. എന്നാല്‍ ഈ കേസുകളിൽ പൊലീസിന് ഇതുവരെ ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.