ഹൈദരാബാദ്: വ്യാജ സ്വർണം നൽകി വ്യവസായിയെ കബളിപ്പിച്ച നാല് പേർ പിടിയിൽ. ഇവരിൽ നിന്ന് 6.86 കോടിയുടെ കള്ളനോട്ടും, 5 കിലോ വ്യാജ സ്വർണ ബിസ്‌ക്കറ്റും, 51 ലക്ഷം രൂപയും, മൂന്ന് കാറുകളും പിടിച്ചെടുത്തു. കൃഷ്‌ണമോഹൻ, നമ്പൂരി ഡേവിഡ് ലിവിംഗ്‌സ്‌റ്റൺ, ബോഗിരി സുനിൽ ഗവാസ്‌കർ, ആദിഗോപുല ഓം സായി കിരീടി എന്നിവരെയാണ് മെഡിപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ കൃഷ്‌ണമോഹൻ എന്ന കരേദ്ദുല വിജയകുമാർ ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് വ്യാജ സ്വർണത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തുന്ന മൂന്നംഗ സംഘവുമായി പരിചയത്തിലാകുന്നത്. 2010 മുതലാണ് ഈ നാല് പേരും ബാംഗ്ലൂർ കേന്ദ്രീകരിച്ച് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വ്യാജ സ്വർണ തട്ടിപ്പ് നടത്താൻ ആരംഭിച്ചത്.
പറ്റിക്കപ്പെട്ട ദിലീപ് ബർഫയും സുഹൃത്ത് സിങ്കിറെഡ്ഡി സുരേഷും മെയ് 19 ന് ബെംഗളൂരിൽ വെച്ചാണ് കരേദ്ദുല വിജയകുമാറിനേയും, സുനിൽ ഗവാസ്‌കറിനെയും പരിചയപ്പടുന്നത്. ദിലീപ് ബർഫയുടെ വിശ്വാസം നേടാൻ പ്രതികൾ 101 ഗ്രാം സ്വർണ്ണം 6 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തിന് വിറ്റു. മാത്രമല്ല രണ്ട് കിലോ സ്വർണം 1.1 കോടി രൂപയ്‌ക്ക് നൽകാമെന്നും പ്രതികൾ വ്യവസായിയോട് പറഞ്ഞു. ഇതിനായി ദിലീപ് ബർഫ അഡ്വാൻസായി പ്രതികൾക്ക് 20 ലക്ഷം രൂപ നൽകി.
മെയ് 29 ന് ദിലീപ് ബർഫയും സിങ്കിറെഡ്ഡി സുരേഷും വീണ്ടും ബെംഗളൂരുവിലേക്ക് പോയി. അവിയെവെച്ച് കരേദ്ദുല വിജയകുമാർ ഇവർക്ക് അഞ്ച് കിലോ സ്വർണം കൈമാറുകയും ദിലീപ് ബർഫയുടെ കൈയിൽ നിന്ന് 90 ലക്ഷം രൂപ വാങ്ങുകയും ചെയ്‌തു. പ്രതികൾ വ്യാജ സ്വർണമാണ് വ്യാപാരിക്ക് നൽകിയത്. ശേഷം തിരികെ പോകും വഴി വ്യാജ പൊലീസ് വേഷം ധരിച്ച് കരേദ്ദുല വിജയകുമാറിന്‍റെ കൂട്ടാളി ഓം സായി കിരീടി വ്യാപാരിയുടെ കൈയിൽ നിന്ന് സ്വർണം പിടിച്ചെടുത്തു.
നടന്ന സംഭവങ്ങളിൽ സംശയം തോന്നിയ ദിലീപ് ബർഫ ഉടൻ തന്നെ മേടിപ്പള്ളി പൊലീസിൽ വിവരമറിയിച്ചു. ഇതിനെ തുടർന്ന് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച ഇൻസ്‌പെക്‌ടർ ഗോവിന്ദ റെഡ്ഡിയും എസ്ഐ നർസിംഗറാവു കീസാരയും ചേർന്ന് നാല് പേരെയും പിടികൂടുകയായിരുന്നു. അറസ്‌റ്റിലായ മുഖ്യപ്രതി കരേദ്ദുല വിജയകുമാറിനെതിരെ 13 കേസുകളുണ്ട്. മാത്രമല്ല നാല് കേസുകളിൽ ഇയാൾ ഒളിവിലായിരുന്നു. നമ്പൂരി ഡേവിഡ് ലിവിംഗ്‌സ്‌റ്റൺ രണ്ട് കേസുകളിൽ പ്രതിയാണ്.
ALSO READ : ആലപ്പുഴയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ഒരു കോടിയോളം; തട്ടിപ്പ് രീതി ഇങ്ങനെ