ശ്രീനഗർ: യോഗ ലോകനന്മയ്ക്കുള്ള ശക്തമായ ഏജന്‍റാണെന്നും അത് ആളുകളെ വർത്തമാനകാലത്ത് ജീവിക്കാൻ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ക്ഷേമം ചുറ്റുമുള്ള ലോകത്തിൻ്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാൻ യോഗ ആളുകളെ സഹായിക്കുന്നുവെന്നും ശ്രീനഗര്‍ എസ്‌കെഐസിസിയിലെ പത്താമത് അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ആഗോള നന്മയ്ക്കുള്ള കരുത്തുറ്റ ശക്തിയായാണ് ലോകം യോഗയെ കാണുന്നത്. ഭൂതകാലത്തിൻ്റെ ഭാരങ്ങളില്ലാതെ വർത്തമാന നിമിഷത്തിൽ ജീവിക്കാൻ യോഗ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ, വ്യക്തിപരമായ പരിശീലനം മാത്രമല്ല, സാമൂഹികവും ആഗോളവുമായ ക്ഷേമത്തിനുള്ള ഉത്തേജകം കൂടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ആഗോളതലത്തിൽ വ്യക്തിപരവും കൂട്ടായതുമായ ക്ഷേമത്തെ പ്രചോദിപ്പിക്കുന്നതിനുള്ള യോഗയുടെ കഴിവും പ്രാധാന്യവുമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ പ്രതിധ്വനിച്ചത്. നമ്മൾ ഉള്ളിൽ സമാധാനമുള്ളവരായിരിക്കുമ്പോള്‍, ലോകത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ നമുക്ക് കഴിയും. യോഗ സമൂഹത്തിൽ നല്ല മാറ്റത്തിനായുള്ള പുതിയ വഴികൾ സൃഷ്‌ടിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദാൽ തടാകത്തിൻ്റെ തീരത്തുള്ള എസ്‌കെഐസിസിയുടെ പുൽത്തകിടിയിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും നിർത്താതെ പെയ്യുന്ന മഴമൂലം വേദി മാറ്റേണ്ടി വന്നു.
ആയിരക്കണക്കിന് യോഗാ പരിശീലകരെ ഒരുമിച്ച് കൊണ്ടുവരികയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയുമാണ് യോഗാ ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ പങ്ക് ഊന്നിപ്പറയുന്ന പ്രധാനമന്ത്രി മോദി യോഗത്തെ അഭിസംബോധന ചെയ്യുകയും കോമൺ യോഗ പ്രോട്ടോക്കോൾ സെഷനിൽ പങ്കെടുക്കുകയും ചെയ്‌തു.
ദേശീയ ആയുഷ് മിഷനും മറ്റ് സർക്കാർ സ്ഥാപനങ്ങളും യോഗയുടെ സമഗ്രമായ ആരോഗ്യ ഗുണഗണങ്ങള്‍ പ്രദർശിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുന്നു. ഡൽഹിയിൽ, ആയുഷ് മന്ത്രാലയം, ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി), ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ), ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ) എന്നിവയുടെ സഹകരണത്തോടെ വലിയ തോതിലുള്ള യോഗ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ആയുഷ് മന്ത്രാലയം ഐസിസിആറിൻ്റെ പങ്കാളിത്തത്തോടെ 'യോഗ വിത്ത് ഫാമിലി' വീഡിയോ മത്സരവും നടത്തുന്നുണ്ട്. ഇത് യോഗയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ALSO READ: 'ഗുരുവിനോടുള്ള വാഗ്‌ദാനം നിറവേറ്റി' ; 28 വര്‍ഷം മുമ്പുള്ള വീഡിയോ പങ്കിട്ട് ബാബ രാംദേവ്