എറണാകുളം: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രണ്ട് ലക്ഷദ്വീപ് പൗരന്മാർക്ക് പ്രശംസ. മിനിക്കോയിയിൽ നിന്നുള്ള കെ ജി മുഹമ്മദ്, കവരത്തിയിൽ നിന്നുള്ള വിരമിച്ച നഴ്‌സ് ഹിന്ദുംബി എന്നിവരുടെ വിശിഷ്‌ട സേവനത്തെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്.
18 വർഷം മുമ്പ് സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും അതേ കാരുണ്യത്തോടും സമർപ്പണത്തോടും കൂടി കവരത്തിയിലെ ജനങ്ങളെ സേവിക്കുന്ന നഴ്‌സായ കെ. ഹിന്ദുംബിയെ പ്രധാനമന്ത്രി പ്രശംസിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള അവരുടെ അക്ഷീണ പ്രവർത്തനം നിസ്വാർത്ഥതയുടെയും സേവനത്തിന്‍റെയും ഉജ്ജ്വല ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മനോഭാവമാണ് ലക്ഷദ്വീപിനെ മുന്നോട്ട് നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മിനിക്കോയ് ദ്വീപിൽ നിന്നുള്ള കെ ജി മുഹമ്മദും സമുദ്ര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള അസാധാരണ സംഭാവനകൾക്ക് അംഗീകാരം നേടിയ വ്യക്തിയാണെന്ന് മോദി പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധരാക്കാന്‍ വേണ്ടി അദ്ദേഹം നിരവധി നാടൻ പാട്ടുകൾ എഴുതിയിട്ടുണ്ട്.
ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമിയുടെ മികച്ച നാടൻ പാട്ട് അവാർഡിന് അദ്ദേഹത്തിന്‍റെ കൃതികള്‍ അര്‍ഹമായി. വിരമിച്ചതിനു ശേഷവും, പ്രാദേശിക മ്യൂസിയവുമായുള്ള തന്‍റെ പ്രവർത്തനത്തിലൂടെ ദ്വീപിന്‍റെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടിരിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ സർക്കാർ അടിസ്ഥാന സൗകര്യങ്ങളിലും സാമ്പത്തിക വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല ഇത്തരത്തിലുള്ള പ്രാദേശിക നായകരെ അംഗീകരിക്കുകയും ചെയ്യുന്നെന്ന് മോദി മൻ കി ബാത്തിൽ പറഞ്ഞു.