മുസാഫർപൂർ : ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ഇന്ത്യക്കെതിരെ സംസാരിക്കാൻ കരാര്‍ എടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഷണല്‍ കോണ്‍ഫ്രന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്‌ദുള്ള, മണിശങ്കർ അയ്യർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ നടത്തിയ പരാമര്‍ശങ്ങളില്‍ മുസാഫർപൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവേ പ്രതികരിക്കുകയായിരുന്നു മോദി.
'ഈ കോൺഗ്രസ്, ഇന്ത്യ സഖ്യത്തിന്‍റെ ആളുകള്‍ സ്വപ്‌നത്തിൽ പോലും പാകിസ്ഥാന്‍റെ ആറ്റം ബോംബുകൾ കാണാൻ ഭയപ്പെടുന്നു. ഇത്തരമൊരു സർക്കാരിനും നേതാവിനും രാജ്യം ഭരിക്കാൻ കഴിയുമോ? മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് ചിലര്‍ ക്ലീന്‍ ചിറ്റ് നല്‍കുകയാണ്.
ചില കൂട്ടര്‍ സർജിക്കൽ സ്‌ട്രൈക്കുകളിലും എയര്‍ സ്ട്രൈക്കുകളിലും സംശയം ഉന്നയിക്കുന്നു. ഇടതുപക്ഷക്കാരാകട്ടെ രാജ്യത്തിന്‍റെ ആണവ ശക്തിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ സഖ്യം ഇന്ത്യക്കെതിരെ കരാര്‍ എടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇവര്‍ക്ക് രാജ്യത്തിന് വേണ്ടി തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ എന്ന് നിങ്ങൾ പറയൂ..'- മോദി പറഞ്ഞു.
ഏപ്രിൽ 15-ന് ഒരു അഭിമുഖത്തില്‍, പാകിസ്ഥാനും അണുവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഒരു രാജ്യമാണെന്നും അതിനാല്‍ ഇന്ത്യ അവരുമായി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞിരുന്നു.
മെയ് 10 -ന്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, 2019 ലെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചും പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ തിരിച്ചടിയെക്കുറിച്ചും പുതിയ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദിയുടെ പ്രതികരണം.
രാജ്യത്ത് ബിജെപിക്കും എൻഡിഎക്കും അനുകൂലമായി കൊടുങ്കാറ്റാണ് വീശുന്നതെന്ന് മോദി പറഞ്ഞു. 'രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം നടക്കുകയാണ്. നിങ്ങളുടെ അനുഗ്രഹത്താൽ രാജ്യത്ത് ബിജെപിക്കും എൻഡിഎയ്ക്കും അനുകൂലമായ കൊടുങ്കാറ്റാണ് വീശുന്നത്.
ഞാൻ എവിടെ പോയാലും 'ഫിർ ഏക് ബാർ,മോദി സര്‍ക്കാര്‍ (ഇനിയും ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍) എന്ന് തന്നെയാണ് കേൾക്കുന്നത്. ഇത് ഭാവി തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ദുർബലമായ, അസ്ഥിരമായ ഒരു സർക്കാരിനെ തെരഞ്ഞെടുക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ല'- മോദി കൂട്ടിച്ചേർത്തു.
മുസാഫർപൂരിലെയും ബിഹാറിലെയും ജനങ്ങൾ പതിറ്റാണ്ടുകളായി നക്‌സലിസത്തിൻ്റെ മുറിവുകൾ അനുഭവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളും നക്‌സലിസവും കാരണം ബിഹാറിലെ എല്ലാ വ്യവസായങ്ങളും ബിസിനസുകളും തകർന്നു. മുൻ സർക്കാരുകൾ നക്‌സലിസത്തെ വളർത്തിയെടുത്തുവെന്നും മോദി ആരോപിച്ചു. ബിഹാറിൽ ക്രമസമാധാനം തിരികെ കൊണ്ടുവന്നത് എൻഡിഎ സർക്കാരാണെന്നും മോദി അവകാശപ്പെട്ടു.
ബിഹാറിലെ 40 സീറ്റുകളിലേക്കാണ് ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. 2019-ൽ 40ൽ 39 സീറ്റുകളും എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ ശക്തരായ ആർജെഡിക്ക് അന്ന് അക്കൗണ്ട് തുറക്കാനുമായില്ല.
ബിഹാറിലെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യമായ മഹാഗട്ബന്ധൻ (മഹാസഖ്യം) സംസ്ഥാനത്തെ 40 ലോക്‌സഭ സീറ്റുകളിൽ 26 എണ്ണത്തിലും തങ്ങളുടെ ഏറ്റവും വലിയ ഘടകകക്ഷിയായ ആർജെഡിയെ മത്സരിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎയുടെ ഭാഗമായി ബിജെപിയും ജെഡിയുവും യഥാക്രമം 17, 16 സീറ്റുകളിലും മത്സരിക്കും.