മുംബൈ: മുംബൈയിൽ വച്ച് നടന്ന റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ശനിയാഴ്‌ച രാത്രി നടന്ന 'ശുഭ് ആശിർവാദ്' ചടങ്ങിലാണ് മോദി പങ്കെടുത്തത്. അംബാനി കുടുംബത്തിനൊപ്പമുള്ള മോദിയുടെ ഫോട്ടോയും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മുകേഷ് അംബാനി, നിത അംബാനി, നവദമ്പതികളായ അനന്ത് അംബാനി, രാധിക മർച്ചൻ്റ് എന്നിവർക്കൊപ്പം മോദി പോസ് ചെയ്യുന്നതിന്‍റെ ഫോട്ടോകളും വീഡിയോകളുമാണ് പുറത്തുവന്നത്. പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും സമന്വയമായിരുന്നു ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഒരുക്കിയത്. ആത്മീയ പ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു വിവാഹവും മറ്റ് ചടങ്ങുകളുമെല്ലാം.
PM Modi poses with Mukesh Ambani, Nita Ambani and newly-wed Anant-Radhika for perfect snapshot
— ANI Digital (@ani_digital) July 14, 2024
Read @ANI story | https://t.co/tnbT4tkgHc#MukeshAmbani #NitaAmbani #NarendraModi #AnantAmbani pic.twitter.com/lQ7RCAYLIt
ജൂലൈ 12 വെള്ളിയാഴ്‌ചയായിരുന്നു അനന്ദ് - രാധിക വിവാഹം. ഇതിന് പിന്നാലെ നടന്ന 'ശുഭ് ആശിർവാദ്' ചടങ്ങുമായി ബന്ധപ്പെട്ട് പുരോഹിതൻ നടത്തിയ പൂജയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. അനന്തും രാധികയും മോദിയുടെ കാലിൽ തൊട്ട് അനുഗ്രഹം തേടുന്നതും ഇരുവരെയും അദ്ദേഹം ആശിർവദിക്കുന്നതും പുറത്തുവന്ന വീഡിയോകളിലുണ്ട്.
അതേസമയം, ജൂണിൽ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷമുള്ള മോദിയുടെ ആദ്യ മുംബൈ സന്ദർശനമായിരുന്നു ഇത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡിലെ പ്രമുഖരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആലിയ ഭട്ട്, രൺബീർ കപൂർ, ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയവരും ചടങ്ങിനെത്തി.
ആഗോള സെലിബ്രിറ്റികളും മുൻനിര ക്രിക്കറ്റ് താരങ്ങളും വിവാഹ ചടങ്ങിൽ സന്നിഹിതരായി. കിം കർദാഷിയാൻ, ക്ലോ കർദാഷിയാൻ, നൈജീരിയൻ റാപ്പർ റെമ, നിക്ക് ജൊനാസ്, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ, സൗദി അരാംകോ സിഇഒ അമിൻ നാസർ, സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ജെയ് ലീ, ജിഎസ്‌കെ പിഎൽസി സിഇഒ എമ്മ വാംസ്‌ലി തുടങ്ങിയ പ്രമുഖരും ചടങ്ങിന്‍റെ ഭാഗമായി. നേരത്തെ കനേഡിയൻ പോപ് സ്റ്റാർ ജസ്റ്റിൻ ബീബറിന്‍റെ മ്യൂസിക്കൽ കൺസർട്ടും നടന്നിരുന്നു.
ALSO READ: വീഡിയോ: താരനിബിഡം അംബാനി കല്ല്യാണം; തിളങ്ങി സെലിബ്രിറ്റികള്‍ മുതല്‍ രാഷ്‌ട്രീയക്കാര്‍ വരെ