ന്യൂഡൽഹി: രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയെ വിളിച്ച് സംസാരിച്ചത്. ബംഗ്ലാദേശിന്‍റെ ജനാധിപത്യവും സ്ഥിരതയും സമാധാനവും പുരോഗതിക്കുമായി ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി മുഹമ്മദ് യൂനുസിന് ഉറപ്പുനൽകി.
പ്രധാനമന്ത്രിയുടെ എക്‌സിലെ പോസ്റ്റ്: "@ChiefAdviserGoB പ്രൊഫസർ മുഹമ്മദ് യൂനസ് താനുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. ബംഗ്ലാദേശിലെ ജനാധിപത്യവും സ്ഥിരതയും സമാധാനവും പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഹമ്മദ് യൂനുസ് ഉറപ്പുനൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
Received a telephone call from Professor Muhammad Yunus, @ChiefAdviserGoB. Exchanged views on the prevailing situation. Reiterated India's support for a democratic, stable, peaceful and progressive Bangladesh. He assured protection, safety and security of Hindus and all…
— Narendra Modi (@narendramodi) August 16, 2024
ബംഗ്ലാദേശിൽ വിദ്യാർഥി പ്രതിഷേധം കലാപമായതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനമൊഴിയാൻ ഷെയ്‌ഖ് ഹസീന നിർബന്ധിതയാകുകയും തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്‌തിരുന്നു. തുടർന്ന് ഓഗസ്റ്റ് 8ന് സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു. ഈ അവസരത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുകയും ആക്രമണം ക്രമസമാധാനം പൂർണമായി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുഹമ്മദ് യൂനുസ് മോദിയുമായി ഫോണിൽ സംസാരിച്ചത്.
Also Read: 'ഇതെല്ലാം രാഷ്‌ട്ര പിതാവിനെ അപമാനിക്കല്‍'; ഒടുക്കം മൗനം വെടിഞ്ഞ് ഷെയ്ഖ് ഹസീന