ഹരിയാന: തെരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഒട്ടും സത്യസന്ധതയില്ലാത്ത പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മോദി ആരോപിച്ചു. പ്രീണന രാഷ്‌ട്രീയം, അർബൻ നക്‌സലുകളുടെ പുതിയ രൂപം, ദലിത്, ഒബിസി വിരുദ്ധം, ആദിവാസി വിരുദ്ധം, സംവരണം വിരുദ്ധം എന്നിവയാണ് കോണ്‍ഗ്രസിന്‍റെ നയമെന്നും മോദി പറഞ്ഞു. കുരുക്ഷേത്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
കർണാടകയിൽ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുടെ വാനിൽ ഗണപതി വിഗ്രഹം പൊലീസ് വച്ചത് കോണ്‍ഗ്രസിന്‍റെ പ്രീണനമാണെന്ന് മോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന റാലിയിൽ ആരോപിച്ചു. കർണാടകയിലെ കോൺഗ്രസ് ഭരണത്തിൽ ഗണപതിയെ പോലും ജയിലിൽ അടയ്ക്കുന്ന അവസ്ഥയാണെന്നും മോദി കുറ്റപ്പെടുത്തി.
ഗാന്ധി കുടുംബം എപ്പോഴും ഒബിസികളെയും ദളിതരെയും ഗോത്രവർഗക്കാരെയും അപമാനിച്ചിട്ടുണ്ടെന്ന് മോദി ആരോപിച്ചു. നെഹ്‌റുജി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം സംവരണത്തെ എതിർത്തു. അദ്ദേഹം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി, അതിന്‍റെ തെളിവ് ലഭ്യമാണ്.
മാത്രമല്ല, സംവരണമുള്ള ആളുകൾക്ക് ജോലി ലഭിച്ചാൽ സര്‍ക്കാര്‍ സര്‍വീസുകളുടെ ഗുണനിലവാരം ഇടിയുമെന്നും നെഹ്‌റുജി പറഞ്ഞു. ഇന്ദിരാഗാന്ധി അധികാരത്തിലേറിയപ്പോള്‍ ഒബിസി സംവരണം സ്റ്റേ ചെയ്യുകയാണ് ചെയ്‌തത്. രാജീവ് ഗാന്ധിയും സംവരണത്തെ എതിര്‍ത്തു. സംവരണം ലഭിക്കുന്നവരെ ഒരു അഭിമുഖത്തിൽ 'ബുദ്ധു' എന്ന് പോലും രാജീവ് ഗാന്ധി അഭിസംബോധന ചെയ്‌തിട്ടുണ്ടെന്നും മോദി ആരോപിച്ചു.
സംവരണം അവസാനിപ്പിക്കാൻ താന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുകയാണെന്നും മോദി ആരോപിച്ചു. കോൺഗ്രസ് എല്ലാ വിഭാഗത്തിനും വ്യാജ വാഗ്‌ദാനങ്ങളാണ് നല്‍കിയതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.