വരുന്ന ഒളിമ്പിക്‌സിൽ കൂടുതൽ മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിൽ ഇന്ത്യ. ഫ്രാൻസിലെ പാരീസ് ആണ് ജൂലൈ 26 മുതൽ ഓഗസ്‌റ്റ് 11 വരെ നടക്കുന്ന കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.
2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ 124 അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ജാവലിൻത്രോയിൽ നീരജ് ചോപ്രയുടെ ചരിത്രനേട്ടമായ സ്വർണമെഡൽ ഉൾപ്പെടെ 7 സ്വർണ മെഡലുകളാണ് 2020ൽ ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ മെഡൽ നേട്ടം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ഐഎസ്എസ്എഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ ക്വാട്ട നേടിയ ട്രാപ്പ് ഷൂട്ടർ ഭൗനീഷ് മെൻദിരട്ടയാണ് പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ് വിഭാഗത്തിൽ മത്സരിക്കുന്നത്. 2024ലെ പാരീസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ് ഇനങ്ങളിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരാണ് റേസ് വാക്കർമാരായ പ്രിയങ്ക ഗോസ്വാമിയും അക്ഷ്ദ്വീപ് സിങും. ഷൂട്ടിങ്, ഗുസ്‌തി തുടങ്ങിയ കായിക ഇനങ്ങളിൽ ക്വാട്ട നേടുന്നത് വ്യക്തിഗത അത്‌ലറ്റുകളല്ല, മറിച്ച് രാജ്യങ്ങളാണ്.
പാരീസ് ഗെയിംസിലെ അത്ലറ്റുകളുടെ പങ്കാളിത്തം അവരുടെ എൻഒസി സെലക്‌റ്റിങിനെ ആശ്രയിച്ചിരിക്കും. ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്ക് ഒളിമ്പിക് ഗെയിംസിൽ അതത് രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക അധികാരമുണ്ട്. പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ അഞ്ച് ഇന്ത്യൻ അത്‌ലറ്റുകൾ പാരീസ് ഒളിമ്പിക്‌സ് യോഗ്യത നിലവാരം മറികടന്നിരുന്നു. എന്നിരുന്നാലും ഓരോ ദേശീയ ഫെഡറേഷനും ഈയിനത്തിൽ പരമാവധി മൂന്ന് അത്‌ലറ്റുകളെ ഒളിമ്പിക്‌സിലേക്ക് അയയ്ക്കാനാകും.
യോഗ്യത നിലവാരം കൈവരിക്കുന്നത് ഒളിമ്പിക് യോഗ്യത പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ്. പാരീസ് 2 ഒളിമ്പിക് ഗെയിംസിനുള്ള എൻഒസി ടീമിലേക്ക് ആരെ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കാണ് അന്തിമ തീരുമാനം എടുക്കാനാകുക. മലയാളിയായ ലോങ് ജംപ് താരം മുരളി ശ്രീശങ്കറിന് യോഗ്യത ലഭിച്ചെങ്കിലും കാലിന് പരിക്കേറ്റതിനാൽ ഇത്തവണത്തെ ഒളിമ്പിക്‌സിൽ പങ്കെടുക്കാനാവില്ല. പർവീൺ ഹൂഡയെ ഇൻ്റർനാഷണൽ ടെസ്‌റ്റിങ് ഏജൻസി സസ്‌പെൻഡ് ചെയ്‌തതിനെ തുടർന്ന് സ്‌ത്രീകളുടെ 54 കിലോ ബോക്‌സിങ് ക്വാട്ടയും ഇന്ത്യക്ക് നഷ്‌ടമായി.