ന്യൂഡല്‍ഹി : ഇക്കൊല്ലത്തെ പദ്‌മ പുരസ്‌കാരങ്ങള്‍ക്ക് എട്ട് മലയാളികള്‍ അര്‍ഹരായി. ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്‌മഭൂഷണ്‍ ലഭിച്ചപ്പോള്‍ ആറ് മലയാളികള്‍ക്ക് പദ്‌മശ്രീ കിട്ടി (padma awards 2024). സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് പദ്‌മഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാലിന് പൊതുരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് പദ്‌മഭൂഷണ്‍ നല്‍കി (Malayalees In Padma Awards 2024).
കഥകളി ആചാര്യന്‍ സദനം ബാലകൃഷ്‌ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം) ആധ്യാത്മികാചാര്യന്‍ മുനി നാരായണ പ്രസാദ്, തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മി ഭായ് എന്നീ മലയാളികളാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് നടിയും നര്‍ത്തകിയുമായ വൈജയന്തിമാല, പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എം വെങ്കയ്യനായിഡു, നടന്‍ ചിരഞ്ജീവി, സാമൂഹ്യസേവനത്തിന് ബിന്ദേശ്വര്‍ പഥക്(മരണാനന്തരം) നര്‍ത്തകി പദ്‌മ സുബ്രഹ്മണ്യം എന്നിവര്‍ക്കാണ് പദ്‌മവിഭൂഷണ്‍ ലഭിച്ചത്.
പതിനേഴ് പേര്‍ക്ക് പദ്‌മഭൂഷണും 110 പേര്‍ക്ക് പദ്‌മശ്രീയും ലഭിച്ചിട്ടുണ്ട്. ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പുറമെ ഹോര്‍മുസ്‌ജി എന്‍ കാമ, മിഥുന്‍ ചക്രവര്‍ത്തി,സീതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മേത്ത, സത്യഭാരത മുഖര്‍ജി(മരണാനന്തരം), റാം നായിക് തേജസ് മധുസൂദന്‍ പട്ടേല്‍, രാജ് ദത്ത് എന്നറിയപ്പെടുന്ന ദത്താത്രയ് അംബദാസ് മയലൂ, തോഗ്‌ദാന്‍ റിന്‍ പോച്ചെ(മരണാനന്തരം), പ്യാരിലാല്‍ ശര്‍മ്മ, ചന്ദ്രേശ്വര്‍ പ്രസാദ് ഠാക്കൂര്‍, ഉഷ ഉതുപ്പ്, വിജയകാന്ത്(മരണാനന്തരം), കുന്ദന്‍ വ്യാസ് എന്നിവര്‍ക്കും പദ്‌മഭൂഷണ്‍ ലഭിച്ചു.
രാജ്യത്തെ ആദ്യ വനിതാ പാപ്പാന്‍ പാര്‍വതി ബറോ, ഗോത്ര ക്ഷേമ പ്രവര്‍ത്തകന്‍ ജഗേശ്വര്‍ യാദവ്, ഗ്രോത്ര പരിസ്ഥിതി പ്രവര്‍ത്തകയും സ്‌ത്രീശാക്തീകരണ പ്രവര്‍ത്തകയുമായ ചാമി മുര്‍മു, സാമൂഹ്യ പ്രവര്‍ത്തകന്‍ ഗുര്‍വീന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ ദുഖു മാജി, ജൈവ കര്‍ഷക കെ ചെല്ലമ്മാള്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സംഘാതന്‍ കിമ, പാരമ്പര്യ ചികിത്സകന്‍ ഹേംചന്ദ് മാഞ്ചി, പച്ചമരുന്ന് വിദഗ്ദ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര പ്രവര്‍ത്തകന്‍ സോമണ്ണ, ഗോത്ര കര്‍ഷകന്‍ സര്‍ബേശ്വര്‍ ബസുമതാരി, പ്ലാസ്റ്റിക് സര്‍ജറി വിദഗ്‌ധ പ്രേമധന്‍രാജ്, മല്ലഖബ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്‌പാണ്ഡെ, നേപ്പാള്‍ ചന്ദ്രസൂത്രധാര്‍, ബാബു രാം യാദവ്, ദസരി കൊണ്ടപ്പ, ജാങ്കിലാല്‍, ഗഡ്ഡം സാമയ്യ, മാച്ചിഹാന്‍ സാസ, ജോര്‍ദാന്‍ ലെപ്‌ച, ബദ്രപ്പന്‍ എം , സനാതന്‍ രുദ്രപാല്‍, ഭഗവത് പദാന്‍, ഓം പ്രകാശ് ശര്‍മ്മ, സ്‌മൃതി രേഖ ചക്‌മ, ഗോപിനാഥ് സ്വെയിന്‍, ഉമ മഹേശ്വരി ഡി, അശോക് കുമാര്‍ ബിശ്വാസ്, രതന്‍ കഹാര്‍, ശാന്തി ദേവി പാസ്വാന്‍, ശിവന്‍ പാസ്വാന്‍, യസ്‌ദി മനേക്ഷ ഇറ്റാലിയ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് പദ്‌മശ്രീ.
പദ്‌മ പുരസ്‌കാരങ്ങള്‍ : പദ്‌മവിഭൂഷൺ, പദ്‌മഭൂഷൺ, പദ്‌മശ്രീ എന്നീ അവാർഡുകൾ രാജ്യത്തെ പരമോന്നത സിവിലിയൻ അംഗീകാരങ്ങളാണ്. 1954 ൽ സ്ഥാപിതമായ ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം ,എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും വിശിഷ്‌ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍ നൽകുന്നത്.
വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്‌ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് പദ്‌മ അവാര്‍ഡുകള്‍ക്ക് അർഹതയില്ല.