ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണ് പിഎസിയുടെ തലവൻ. ഹിൻഡൻബർഗ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പ്രവർത്തനം പരിശോധിക്കാനായിരുന്നു യോഗം. ഇതേത്തുടർന്ന് യോഗം മാറ്റിവച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇന്നു രാവിലെ മാത്രമാണ് മാധബി അറിയിച്ചതെന്ന് വേണുഗോപാൽ അറിയിച്ചു. സെബിയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ചു രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. മാധബി ബുച്ചും നാല് ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്കു പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ഇരുകൂട്ടരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ഹിൻഡൻബർഗിന്റെ ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ.
അതേസമയം യോഗം മാറ്റി വച്ചതില്‍ സമിതിയംഗം രവിശങ്കര്‍ പ്രസാദ് അസംതൃപ്തി അറിയിച്ചു. അദ്ദേഹം ചെയര്‍മാന്‍ വേണുഗോപാലിനെ കുറ്റപ്പെടുത്തുകയും ചെയ്‌തു. എന്ത് കൊണ്ട് പ്രഥമദൃഷ്‌ട്യാ നടപടി കൈക്കൊണ്ടു കൂടായെന്ന് അദ്ദേഹം ആരാഞ്ഞു. വേണുഗോപാലിന്‍റെ നടപടിക്കെതിരെ ബിജെപി അംഗങ്ങളടക്കം നിരവധി അംഗങ്ങള്‍ ലോക്‌സഭ സ്‌പീക്കര്‍ ഓംബിര്‍ളയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി എംപി നിശികാന്ത് ദുബെ വേണുഗോപാലിനെതിരെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ സമ്പദ് ഘടനയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി. വേണുഗോപാലിന്‍റെ പ്രവൃത്തികള്‍ രാഷ്‌ട്രീയ ലാക്കോടെയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ജനങ്ങള്‍ അവരെ പ്രതിപക്ഷത്ത് ഇരുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.