മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്തവരില്‍ ഒരാള്‍ ഗുരുഗ്രാമിൽ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളിയാണെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയിലെ നിരവധി കൊലപാതക കേസിലും കവർച്ച കേസുകളിലും ഉൾപ്പെട്ട ഒരു ക്രിമിനലാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ഡൽഹി പൊലീസിന്‍റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗുരുഗ്രാമിലെ വ്യവസായി സച്ചിൻ മുഞ്ജലിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. മുഞ്ജലിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം അന്താരാഷ്‌ട്ര കുറ്റവാളിയായ രോഹിത് ഗോദര ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെയാണ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഗുണ്ട സംഘങ്ങളായ ലോറൻസ് ബിഷ്‌ണോയി, സഹോദരൻ അൻമോൾ, ഗോൾഡി ബ്രാർ എന്നിവരുമായെല്ലാം അടുത്ത സൗഹൃദം പുലര്‍ത്തുന്നയാളാണ് രോഹിത് ഗോദര. സല്‍മാന്‍ ഖാന്‍റെ വീടിന് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇപ്പോഴുണ്ടായ ആക്രമണം 'ട്രെയിലർ' മാത്രമാണെന്ന് ബിഷ്‌ണോയി സൽമാൻ ഖാന് മുന്നറിയിപ്പ് നൽകിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ ഖാന് ഭീഷണി സന്ദേശം ഇ- മെയിലായി ലഭിച്ചതിന് പിന്നാലെ ലോറൻസ്, അന്‍മോല്‍ ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് പുറത്ത് രണ്ട് വ്യക്തികൾ ചേര്‍ന്ന് വെടിയുതിര്‍ത്തത്.
സല്‍മാന്‍ ഖാന്‍ കൃഷ്‌ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് താരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കൃഷ്‌ണ മൃഗത്തെ പവിത്രമായി കാണുന്ന ബിഷ്‌ണോയികളുടെ വികാരത്തെ സൽമാന്‍ ഖാന്‍ വ്രണപ്പെടുത്തി എന്നായിരുന്നു ലോറൻസിന്‍റെ ആരോപണം.