ന്യൂഡല്‍ഹി : നിലവിലെ എൻഡിഎ സർക്കാരിൻ്റെ ഭരണകാലയളവിനുള്ളിൽ തന്നെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കൊണ്ടുവരുന്നതിനുളള ബില്‍ അവതരിപ്പിക്കുമെന്ന് സൂചന. ബില്ലിന് എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ കിട്ടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മൂന്നാം മോദി സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്ന വേളയില്‍ ഭരണസഖ്യത്തിനുള്ളിലെ കെട്ടുറപ്പ് ഭരണകാലം കഴിയുന്നതുവരെ തുടരുമെന്നും വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'ന് വേണ്ടി ശക്തമായി വാദിച്ചിരുന്നു. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്' വേണ്ടി രാഷ്ട്രം മുന്നോട്ട് വരണം എന്നാണ് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. ഇടയ്‌ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എങ്ങനെ രാജ്യത്തിൻ്റെ പുരോഗതിക്ക് തടസങ്ങൾ സൃഷ്‌ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിലൊന്നായിരുന്നു 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ചിൽ ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ശുപാര്‍ശ ചെയ്‌തിരുന്നു. 2029 മുതൽ ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനും സമിതി നിര്‍ദേശിച്ചിരുന്നു.
കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യങ്ങളില്‍ ഏകീകൃത സർക്കാരിനുള്ള വ്യവസ്ഥയും കമ്മിഷൻ പ്രത്യേകം ശുപാർശ ചെയ്‌തു. ഒരേസമയം വോട്ടെടുപ്പ് നടത്താനുള്ള സമയം രാംനാഥ് കോവിന്ദ് പാനൽ വ്യക്തമാക്കിയിട്ടില്ല. പാനലിൻ്റെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിശോധിക്കുന്നതിനായി ഒരു 'ഇംപ്ലിമെൻ്റേഷൻ ഗ്രൂപ്പ്' രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോവിന്ദ് പാനൽ 18 ഭരണഘടന ഭേദഗതികൾ ശുപാർശകളാണ് സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. ഇതില്‍ പലതിനും സംസ്ഥാന അസംബ്ലികളുടെ അംഗീകാരം ആവശ്യമില്ല. എന്നിരുന്നാലും, പാർലമെൻ്റ് പാസാക്കേണ്ട ചില ഭരണഘടന ഭേദഗതി ബില്ലുകൾ ഇതിന് ആവശ്യമാണ്. മൂന്നാം മോദി സര്‍ക്കാരില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' നടപ്പാക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.
Also Read: 'കോണ്‍ഗ്രസ് സത്യസന്ധതയില്ലാത്ത പാര്‍ട്ടി, അവരുടെ നയം സംവരണ വിരുദ്ധം':പ്രധാനമന്ത്രി