ന്യൂഡല്‍ഹി : ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്‍റെ റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലെന്ന് സൂചന. 2029 മുതല്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പിന് ഒപ്പം നടത്താനാണ് ലക്ഷ്യമിടുന്നത്(One Nation One Election).
ലോക്‌സഭ, നിയമസഭകള്‍, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഒറ്റ വോട്ടര്‍പട്ടിക തയാറാക്കാനും ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെക്കുറിച്ച് പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 2023 സെപ്റ്റംബറിലാണ് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയത്(Kovind led panel).
രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരും. ഇതിന് പുറമെ ജനപ്രാതിനിധ്യ നിയമത്തിലും മാറ്റം വരുത്തേണ്ടി വരും(simultaneous polls).
പാര്‍ലമെന്‍റിന്‍റെ കാലാവധി സംബന്ധിച്ച 83ാം അനുച്ഛേദം, രാഷ്‌ട്രപതിക്ക് ലോക്‌സഭ പിരിച്ച് വിടാന്‍ അധികാരം നല്‍കുന്ന 85ാം അനുച്ഛേദം, സംസ്ഥാന നിയമസഭകളുടെ കാലാവധിയെക്കുറിച്ച് പറയുന്ന 172ാം അനുച്ഛേദം, സംസ്ഥാന നിയമസഭ പിരിച്ച് വിടാനുള്ള 174ാം അനുച്ഛേദം, സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള രാഷ്‌ട്രപതിയുടെ അധികാരത്തെക്കുറിച്ച് വിശദമാക്കുന്ന 356ാം അനുച്ഛേദം എന്നിവയാണ് ഭേദഗതി ചെയ്യേണ്ടി വരിക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നീ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. അതേസമയം തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുമതല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് തന്നെ ആയിരിക്കുമെന്നും എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്നുമുള്ള നിര്‍ദ്ദേശമാണ് ബിജെപിയടക്കമുള്ള ചില കക്ഷികള്‍ കോവിന്ദ് സമിതിക്ക് മുന്നില്‍ വച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയാല്‍ ഓരോ പതിനഞ്ച് വര്‍ഷം കൂടുമ്പോഴും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വാങ്ങാന്‍ പതിനായിരം കോടി രൂപ വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇവിഎമ്മുകളുടെ ആയുസ് പതിനഞ്ച് കൊല്ലമാണ്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനായാല്‍ ഒരു സെറ്റ് ഇവിഎമ്മുകള്‍ മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ കഴിഞ്ഞ കൊല്ലം അറിയിച്ചിരുന്നു.
2029 പകുതിയോടെ എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള രൂപരേഖയാണ് തയാറാകുന്നത് എന്നാണ് സൂചന. വിരമിച്ച ജഡ്ജി ജസ്റ്റിസ് റിതു രാജ് അവസ്ഥിയുെട നേതൃത്വത്തിലുള്ള കമ്മീഷന്‍ ഭരണഘടനയില്‍ ഒറ്റതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു പുതിയ അധ്യായം കൂടി ചേര്‍ക്കാന്‍ ശുപാര്‍ശ നല്‍കിയേക്കും. ഇതില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ പ്രശ്‌നങ്ങളടക്കമുള്ളവ പരിഹരിക്കും വിധമാകും.
അവിശ്വാസത്തിലൂടെ സര്‍ക്കാര്‍ വീഴുകയോ തൂക്ക് ഭരണം ഉണ്ടാകുകയോ ചെയ്‌താല്‍ വിവിധ കക്ഷികളിലെ പ്രതിനിധികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശുപാര്‍ശയും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതും സാധ്യമാകാതെ വന്നാല്‍ അവശേഷിക്കുന്ന കാലയളവിലേക്കായി തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്. മൂന്ന് കൊല്ലം കാലാവധിയുള്ളപ്പോഴാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ പുതുതായി മൂന്ന് കൊല്ലത്തേക്കാകും സര്‍ക്കാര്‍ രൂപീകരിക്കുക എന്ന് സാരം.
ഏപ്രില്‍-മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മഹാരാഷ്‌ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്കും പിന്നീട് തെരഞ്ഞെടുപ്പ് വരുന്നുണ്ട്. ബിഹാറിലും ഡല്‍ഹിയിലും അടുത്ത കൊല്ലമാണ് തെരഞ്ഞെടുപ്പ്. അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2026ലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2027ലാണ് തെരഞ്ഞെടുപ്പ്.
ഒന്‍പത് സംസ്ഥാനങ്ങളില്‍ 2028ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ത്രിപുര, മേഘാലയ, കര്‍ണാടക, നാഗാലാന്‍ഡ്, മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് 2028ല്‍ തെരഞ്ഞെടുപ്പ്.