ബെര്‍ഹംപൂര്‍: ഒഡിഷയിലെ ഗോയിലുണ്ടിയിലെ ലോഡ്‌ജില്‍ സ്‌ത്രീയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് കേരളത്തില്‍വച്ച് പിടികൂടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊലപാതകം നടത്തി കടന്നുകളഞ്ഞ പ്രതിയെയാണ് ഒരു വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ബെര്‍ഹംപൂര്‍ പൊലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ അകപ്പെട്ട് കേരളത്തിലെ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കേരള പൊലീസിന്‍റെ സഹായത്തോടെ റിമാൻഡ് ചെയ്‌ത് ബെര്‍ഹംപൂരിലെത്തിച്ചു. തുടര്‍ന്ന് പ്രതിയെ ലോഡ്‌ജിലെത്തിച്ച് കൊലപാതകം പുനസൃഷ്‌ടിച്ചു.
സംഭവം ഇങ്ങനെ: കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ഒരു സ്‌ത്രീയുടെ മൃതദേഹം ഗോയിലുണ്ടിയിലെ ലോഡ്‌ജില്‍ നിന്ന് കണ്ടെത്തി. ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ നിന്ന് മരണത്തിന് മുന്‍പ് ബലപ്രയോഗം നടന്നതായും കൊലപാതകമാണെന്നും വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ കെ കൃഷ്‌ണവേണി എന്ന സ്‌ത്രീയാണ് മരിച്ചത് എന്ന് കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
സ്‌ത്രീയുടെ കൂടെ ഭര്‍ത്താവെന്ന പേരില്‍ സമിദ്‌മാൻ എഎസ് എന്ന ഒരാളും ഉണ്ടായിരുന്നു എന്നും മനസിലാക്കി. സമിദ്‌മാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് മനസിലായി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കേരളത്തില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടുന്നത്.
കൊലപാതക കാരണം: കേരള സ്വദേശിയായ സമിദ്‌മാനും ആന്ധ്രാപ്രദേശ് സ്വദേശിയായ കൃഷ്‌ണവേണിയും ലിവ് ഇന്‍ റിലേഷനിലായിരുന്നു. സമിദ്‌മാന്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ആളാണ്. കൃഷ്‌ണവേണിയുടെ ആദ്യ വിവാഹത്തിലുണ്ടായ 19 വയസുളള മകന്‍ കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആന്ധ്രാപ്രദേശ് പൊലീസിന്‍റെ പിടിയിലാവുകയും ചെയ്‌തു. ഈ സംഭവത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായി തുടങ്ങി.
പിന്നീട് ഇരുവരും ബെര്‍ഹംപൂരില്‍ എത്തുകയും ഭാര്യ ഭര്‍ത്താക്കന്മാരായി പരിചയപ്പെടുത്തി ലോഡ്‌ജില്‍ റൂമെടുക്കുയും ചെയ്‌തു. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ വാടകയുടെയും മറ്റ് പല പ്രശ്‌നങ്ങളുടെയും പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സമിദ്‌മാൻ കൃഷ്‌ണവേണിയെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി കേരളത്തിലേക്ക് കടന്നു. കഞ്ചാവ് വില്‍പ്പന തുടരുകയും ചെയ്‌തു. എന്നാല്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കിടയില്‍ കേരള പൊലീസ് സമിദ്‌മാനെ പിടികൂടി ജയിലിലടച്ചു. ഇവിടെ നിന്നാണ് ബെര്‍ഹംപൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.