ഭുവനേശ്വർ: സംസ്ഥാനത്തെ പത്മശ്രീ പുരസ്‌കാര ജേതാക്കൾക്ക് പ്രതിമാസം 25,000 രൂപ നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രഖ്യാപിച്ചു. രാജ്യത്തെ മഹത്തായ സിവിലിയണ ബഹുമതിയായ പത്മശ്രീ പുരസ്‌കാരം നേടിയവരെ ആദരിക്കാനാണ് സംസ്ഥാന സർക്കാർ പ്രതിമാസം 25,000 രൂപ ഓണറേറിയം നൽകാൻ തീരുമാനിച്ചത്. ഈ വർഷം ഏപ്രിൽ മുതൽ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണങ്ങളുമായി അനേകം പത്മ പുരസ്‌കാര ജേതാക്കൾ എത്തിയിരുന്നു. വൈകിയാണെങ്കിലും മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് പത്മശ്രീ പണ്ഡിറ്റ് അന്ത്യരാമി മിശ്ര പറഞ്ഞു. കലഹണ്ടി ജില്ലയിലെ ആദ്യത്തെ പത്മശ്രീ പുരസ്‌കാര ജേതാവായ പട്ടയത്ത് സാഹുവും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു.