ഇൻഡോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഇൻഡോറിൽ താരമായി നോട്ട. 19 റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയാവുമ്പോള്‍ നോട്ടയ്ക്ക് രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ നോട്ടയ്‌ക്ക് രാജ്യത്ത് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമായി ഇന്‍ഡോര്‍ മാറി. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം അവസാന നിമിഷം ബിജെപിയിൽ ചേർന്നിരുന്നു.
ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തി. ഇതിന്‍റെ ഫലം ദൃശ്യമാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മൂന്നര മണിക്കൂറിൽ 2,01,338 വോട്ടാണ് നോട്ട നേടിയത്. ബിജെപി സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ശങ്കർ ലാൽവാനി 11,60,627 വോട്ടുമായി ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. 9,59,289 വോട്ടാണ് ബിജെപിയുടെ നിലവിലെ ഭൂരിപക്ഷം.
ബിഹാറിലെ ഗോപാൽഗഞ്ചിന്‍റെ പേരിലായിരുന്നു ഇതുവരെ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട് ലഭിച്ചത്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ 51607 വോട്ടുകളായിരുന്നു നോട്ടയ്ക്ക് അനുകൂലമായി രേഖപ്പെടുത്തിയക്.
അതേസമയം കഴിഞ്ഞ 35 വർഷത്തിനിടെ ഒരിക്കൽ പോലും ഇൻഡോർ ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസ് വിജയം കൈവരിച്ചിട്ടില്ല. അക്ഷയ് കാന്തി ബാം ബിജെപിയിൽ ചേർന്നതോടെ പാർട്ടി ചിഹ്നത്തിൽ മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഇതോടെയാണ് ആദ്യമായി സ്ഥാനാർഥിയെ പോലും നിർത്താനാവാത്ത സ്ഥിതി വന്നത്. തുടര്‍ന്ന് നോട്ടയെ ആശ്രയിക്കുകയായിരുന്നു. ബിജെപി സ്ഥാനാർഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുർബലരാണെന്നതും നോട്ടക്ക് വോട്ട് ആഹ്വാനം ചെയ്യാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു.
ALSO READ: യുപിയില്‍ അടിതെറ്റി ബിജെപി; ഇന്ത്യ മുന്നണിക്ക് പിന്തുണയേറുന്നു