ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട എന്‍ഐഎ നടപടികളില്‍ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് എൻഐഎ. യാതൊരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാര്‍ ആക്രമിച്ചതെന്ന് എന്‍ഐഎ വിശദീകരിച്ചു. നടപടിയുടെ പേരിലുണ്ടാകുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും എന്‍ഐഎ പ്രതികരിച്ചു. 2022ല്‍ പശ്ചിമ ബംഗാളില്‍ പൂര്‍ബ മേദിന്‍പൂര്‍ ജില്ലയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ശനിയാഴ്‌ചയാണ് ബാലൈ ചരണ്‍ മെയ്‌തിയെയും മനോബ്രതജനയെയും അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ സംഘത്തെ തടയുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവർത്തനങ്ങൾ സത്യസന്ധവും നിയമപരവുമായിരുന്നെന്ന് എൻഐഎ വ്യക്തമാക്കി. 2022 ഡിസംബറിലാണ് സംഭവം നടന്നത്. കൽക്കട്ട ഹൈക്കോടതിയുടെ നിർദേശ പ്രകാരം 2023 ജൂൺ 6-ന് ആണ് എൻഐഎ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്. പ്രസ്‌തുത കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച നരുബില ഗ്രാമത്തിൽ തെരച്ചിൽ നടത്താൻ പോയപ്പോൾ തങ്ങളുടെ സംഘത്തിന് നേരെ ജനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായതായും എൻഐഎ ആവർത്തിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണമുണ്ടായതെന്നും എൻഐഎയുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമമായിരുന്നു ഇതെന്നും ഏജൻസി പറഞ്ഞു.
സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലും വനിതാ കോൺസ്‌റ്റബിൾമാർ ഉൾപ്പെടെയുള്ള സിആർപിഎഫിന്‍റെ സുരക്ഷാ അകമ്പടിയിലുമാണ് അഞ്ച് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതെന്ന് ഏജന്‍സി വ്യക്തമാക്കി. നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷമായിരുന്നു അറസ്‌റ്റ്.മനോബ്രത ജനയെ ലോക്കൽ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി തങ്ങളുടെ ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചതായും എൻഐഎ പറഞ്ഞു.
ആക്രമണത്തിൽ ഒരു എൻഐഎ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും എൻഐഎയുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. അക്രമികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സ്‌ഫോടനക്കേസില്‍ പ്രതികളായ മനോബ്രത ജന, ബെയ്‌ലി ചരൺ മൈതി എന്നിവരെ അന്വേഷണ സംബന്ധമായി നിരവധി സമൻസ് അയച്ചിട്ടും ഇരുവരും ഏജൻസിക്ക് മുമ്പാകെ ഹാജരായില്ലെന്നാണ് കേന്ദ്ര ഏജൻസി പറയുന്നത്. തുടര്‍ന്ന് കൊൽക്കത്തയിലെ പ്രത്യേക എൻഐഎ കോടതിക്ക് മുമ്പാകെ ഒരു അപേക്ഷ സമർപ്പിച്ചു. രേഖകൾ പരിശോധിച്ച ശേഷം, 2024 ഏപ്രിൽ 3 ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
അന്വേഷണവുമായി കഴിയുന്നത്ര വേഗത്തിൽ മുന്നോട്ട് പോകാനും സംശയിക്കുന്നവരുടെയും പ്രതികളുടെയും വീടുകളില്‍ തിരച്ചിലടക്കം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഏജൻസിക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്ന് ശനിയാഴ്‌ച എൻഐഎ നടത്തിയ തിരച്ചിലിലാണ് കേസിൽ ഉൾപ്പെട്ട ബാലൈ ചരണ്‍ മെയ്‌തിയെയും മനോബ്രതജനയെയും അറസ്‌റ്റ് ചെയ്‌തത്.