ചണ്ഡിഗഢ്: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍, ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാര്‍ അമേരിക്കയില്‍ വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ഇയാള്‍ അമേരിക്കയിലെ ഹോള്‍ട്ട് അവന്യൂവിലെ ഫെയര്‍മോണ്ടില്‍ വച്ച് വെടിയേറ്റ് മരിച്ചെന്നാണ് അമേരിക്കയിലെ ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു സുഹൃത്തിനൊപ്പം വീടിന് പുറത്ത് നിന്ന ഇയാള്‍ക്ക് നേരെ ഒരു സംഘം നിറയൊഴിക്കുകായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത ശേഷം ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
വെടിയേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അമേരിക്കന്‍ പൊലീസ് ഓഫീസര്‍ ലെസ്‌ലി വില്യംസ് ഒരു ചാനലിനോട് വെളിപ്പെടുത്തി. ഇതില്‍ ഒരാള്‍ മരിച്ചെന്നും സ്ഥിരീകരിക്കുന്നുണ്ട്. ഇതിലൊരാള്‍ ഗോള്‍ഡി ബ്രാര്‍ ആണെന്നാണ് വിവരം. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല. ഗോള്‍ഡി ബ്രാറിന്‍റെ ശത്രു ഗുണ്ടാസംഘത്തിലെ അര്‍ഷ് ദള്ളയും ലഖ്ബിര്‍ ലണ്ടയും സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ശത്രുതമൂലം ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലോറന്‍സ് ബിഷ്‌ണോയ് അടക്കമുള്ള മറ്റ് ഗുണ്ടാസംഘങ്ങളുടെയൊന്നും പ്രതികരണം ലഭ്യമായിട്ടില്ല.
ഗോള്‍ഡി ബ്രാര്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിയത് സഹോദരന്‍റെ ചോരയ്ക്ക് കണക്ക് ചോദിക്കാനായിരുന്നു. ലോറന്‍സ് ബിഷ്‌ണോയ്‌യുടെ വലംകൈ ആയിരുന്നു ഗുര്‍ലാല്‍ ബ്രാര്‍. പഞ്ചാബ് സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയനുമായി ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഗുര്‍ലാല്‍ ബ്രാറിന്‍റെ കൊലപാതക ശേഷം, ഇപ്പോള്‍ പുതിയൊരു യുദ്ധത്തിന് തുടക്കമായിരിക്കുന്നുവെന്ന് ലോറന്‍സിന്‍റെ സംഘം സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. തെരുവിലെ ചോരപ്പാടുകള്‍ ഉണങ്ങില്ല.
ഈ കൊലയ്ക്ക് പകരം ചോദിക്കാനായി ഗോള്‍ഡി കുറ്റകൃത്യങ്ങളുടെ പാത തെരഞ്ഞെടുത്തു. ഗോള്‍ഡി ഗുണ്ടാത്തലവന്‍മാരുമായി ഇടപാടുകള്‍ തുടങ്ങി. ജഗ്ഗു ഭഗവാന്‍പുരിയയും ലോറന്‍സ് ബിഷ്‌ണോയിയുമായി അയാൾ കൂടിക്കാഴ്‌ചകള്‍ നടത്തി. പിന്നീട് 2021 ഫെബ്രുവരി എട്ടിന് തന്‍റെ സഹോദരന്‍റെ കൊലപാതകിയായ ഫരീദ് കോട്ട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുര്‍ലാല്‍ സിങ്ങിനെ വെടിവച്ച് കൊന്നു.
കൊലപാതകത്തിന് ശേഷം ഗോള്‍ഡി രഹസ്യമായി വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലേക്ക് ചേക്കേറി. പിടിക്കപ്പെടാതിരിക്കാന്‍ കാനഡയില്‍ ഇയാള്‍ തന്‍റെ മുഖത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ജീവിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇയാളുടെ അഞ്ച് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
2022 മെയ് 29നാണ് പഞ്ചാബി ഗായകനായ ശുദീപ് സിങ്ങെന്ന സിദ്ധു മുസെവാല കൊല്ലപ്പെട്ടത്. മന്‍സയിലെ ജവഹര്‍കെ ഗ്രാമത്തില് വച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ആദ്യം ലോറന്‍സിന്‍റെ സംഘം ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോള്‍ഡി ബ്രാര്‍ ഈ കൊലപാതകത്തിന്‍റെ ഉത്തരവദിത്തം ഏറ്റെടുത്തു. ലോറസിന്‍റെ കോളജ് സുഹൃത്തായിരുന്ന വിക്കി മിദുഖേരയുടെ മരണത്തില്‍ മൂസെവാലയ്ക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം. താന്‍ കൊലപാതകത്തിന് നിര്‍ബന്ധിതനാകുകയായിരുന്നുവെന്നായിരുന്നു മൂസെവാലയുടെ വാദം. ഇയാള്‍ക്കെതിരെ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ഹരിയാനയിലും പഞ്ചാബിലും നിന്നായി ആറ് പേരെ അയച്ചാണ് ഗോള്‍ഡി സിദ്ധു മുസെവാലയുടെ കൊലപാതകം നടത്തിയത്.
Also Read: സൽമാൻ ഖാന്‍റെ വീടിനുനേരെ വെടിയുതിർത്ത കേസ് : പ്രതികളിലൊരാൾ ലോക്കപ്പിൽ ആത്മഹത്യ ചെയ്‌തു
ചലച്ചിത്രതാരം സല്‍മാന്‍ ഖാനെയും കൊല്ലുമെന്ന ഭീഷണി ഗോള്‍ഡി ബ്രാര്‍ ഉയര്‍ത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍റെ വസതിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സിന്‍റെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. നേരത്തെ സല്‍മാന്‍റെ വസതി തന്‍റെ സംഘാംഗങ്ങള്‍ റെയ്‌ഡ് ചെയ്‌തിരുന്നതായും ഗോള്‍ഡി ബ്രാര്‍ അവകാശപ്പെട്ടിരുന്നു.