ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങില്‍ ബെംഗളൂരുവിലെ പകുതിയോളം പേര്‍ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ പതിനാല് മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്‌ച വോട്ടെടുപ്പ് നടന്നത്. 69.23 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നഗരത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍, ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടര്‍മാരുടെ പങ്കാളിത്തം കുറഞ്ഞത്.
ബെംഗളൂരു സെന്‍ട്രലില്‍ കേവലം 52.81 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്‌തത്. ബെംഗളൂരു നോര്‍ത്തില്‍ 54.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ബെംഗളൂരു സൗത്തില്‍ 53.15 ശതമാനമാണ് വോട്ട് ചെയ്‌തവരുടെ കണക്ക്. 2019 ലോക്‌സഭ തെരഞ്ഞടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ 54.32 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ബെംഗളൂരു നോര്‍ത്തില്‍ 54.76 ശതമാനം പേരും ബെംഗളൂരു സൗത്തില്‍ 53.70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ കഠിന പരിശ്രമം നടത്തിയിട്ടും അത് ഫലവത്താകാത്തതില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരാശയിലാണ്. ഇതിന് യാതൊരു വിശദീകരണവുമില്ല. അതാണ് പരമാര്‍ഥം എന്നും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉന്നത വൃത്തങ്ങള്‍ പ്രതികരിച്ചു. കൊടുംചൂട് വോട്ടര്‍മാരുടെ പങ്കാളിത്തം കുറയാന്‍ ഒരു കാരണമായിട്ടുണ്ടാകാം എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
അതേസമയം ബെം ഗളൂരുവിലെ ഗ്രാമീണ മേഖലകളില്‍ വന്‍ പങ്കാളിത്തമാണ് വോട്ടെടുപ്പില്‍ ഉണ്ടായത്. 67.29 ശതമാനം പേര്‍ ഗ്രാമീണ മേഖലകളില്‍ വോട്ട് ചെയ്‌തു. മാണ്ഡ്യയിലും കോലാറിലും യഥാക്രമം 81.48, 78.07 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് സ്ലിപ്പുകള്‍ ലഭിക്കുന്നതിനും പോളിങ് ബൂത്ത് കണ്ടെത്തുന്നതിനുമായി നിരവധി ആപ്പുകള്‍ വികസിപ്പിക്കുന്നതടക്കം വിവിധ പരിപാടികള്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടിരുന്നു.
ബെംഗളൂരുവിലെ പോളിങ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ അറിയല്‍, വരിനില്‍ക്കുന്ന വോട്ടര്‍മാരുടെ എണ്ണം, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ ബൂത്ത് കൈകാര്യം ചെയ്യാനായി വിപുലമായ പരിപാടികളും കൈക്കൊണ്ടിരുന്നു.
Also Read: '71 കുറഞ്ഞ ശതമാനമല്ല': കേരളത്തിൽ പോളിങ് കുറഞ്ഞുവെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
2023ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും പോളിങ്ങ് കുറഞ്ഞ നഗരപ്രദേശങ്ങളില്‍ അതിനുള്ള കാരണം കണ്ടെത്താന്‍ അധികൃതര്‍ ഒരു സര്‍വേ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഗര മേഖലകളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങള്‍ വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരുന്നു.