റായ്‌പുർ: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയില്‍ വീണ്ടും നക്‌സലൈറ്റ് ആക്രമണം. വെള്ളിയാഴ്‌ച (23-02-2024) രണ്ട് പേരെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചിന്തഗുഫ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കഹേർ ദുൽഹെദ് ഗ്രാമത്തിലെ താമസക്കാരായ സോധി ഹംഗ, മാദ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ശക്തികേന്ദ്രങ്ങൾ നിലംപതിച്ചതിൽ നിരാശരായ നക്‌സലൈറ്റുകൾ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുകയാവാം. വികസന, ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്താൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം നവംബറില്‍, സംസ്ഥാനത്തെ ബസ്‌തർ മേഖലയിൽ 14 പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു, ഏഴെണ്ണം സുക്‌മ ജില്ലയിലും സ്ഥാപിച്ചിട്ടുണ്ട്. നക്‌സൽ ബാധിത പ്രദേശങ്ങളിലെ പുതിയ ക്യാമ്പുകൾ ഗ്രാമവാസികൾക്ക് മാവോയിസ്‌റ്റ് ഭീഷണിയിൽ നിന്ന് മുക്തി നേടാനും വികസന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ക്ഷേമ പരിപാടികളിൽ നിന്നും പ്രയോജനം നേടാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടൽ; ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു : ഛത്തീസ്‌ഗഡില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി 4-നാണ് സുക്‌മ ജില്ലയിൽ നടന്ന വെടിവയ്‌പ്പില്‍ നക്‌സലൈറ്റ് കൊല്ലപ്പെട്ടത്. ഭേജി പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ പന്തഭേജി ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മാവോയിസ്‌റ്റുകളുടെ കോണ്ട ഏരിയ കമ്മിറ്റി അംഗം സോധി ഗജേന്ദ്രയും മറ്റ് ചില നേതാക്കളും 15-20 കേഡർമാരും വനത്തിനുള്ളിൽ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ഒരു നക്‌സലൈറ്റിൻ്റെ മൃതദേഹം കണ്ടെടുത്തത്.
ഒരു 12 ബോർ റൈഫിൾ, ഒരു പിസ്‌റ്റൾ മാവോയിസ്‌റ്റുകളുമായി ബന്ധപ്പെട്ട ചില സാധന സാമഗ്രികൾ എന്നിവയും പരിസരത്തുനിന്ന് കണ്ടെടുത്തു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്‌തർ ഫൈറ്റേഴ്‌സ് എന്നീ രണ്ട് സംസ്ഥാന പൊലീസ് യൂണിറ്റുകളും, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 219-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
ALSO READ : ബീജാപൂരില്‍ നക്‌സലൈറ്റ് ആക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു, 14 സൈനികർക്ക് പരിക്ക്