ഭുവനേശ്വർ : നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷനുമായ നവീൻ പട്‌നായിക് രാജിവച്ചു. ബുധനാഴ്‌ച (ജൂൺ 05) രാവിലെ ഭുവനേശ്വറിലെ രാജ്ഭവനിലെത്തിയാണ് ഗവർണർ രഘുബർ ദാസിന് രാജിക്കത്ത് നൽകിയത്. ബുധനാഴ്‌ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
1997 മുതൽ ഒഡിഷയിൽ ബിജെഡിയാണ് അധികാരം കയ്യാളുന്നത്. 2000 മാർച്ച് 5ന് പട്‌നായിക് മുഖ്യമന്ത്രിയായി നിയമിതനായി. നീണ്ട 24 വർഷത്തെ ഭരണത്തിനാണ് ഇപ്പോൾ വിരാമമായത്.
147 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ ബിജെപി 78 സീറ്റുകൾ നേടിയപ്പോൾ 51 സീറ്റുകൾ മാത്രമാണ് ബിജെഡിക്ക് ലഭിച്ചത്. കൂടാതെ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെഡിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 21 മണ്ഡലങ്ങളിൽ 20 സീറ്റും ബിജെപി നേടി. ഒരു സീറ്റിൽ കോൺഗ്രസും വിജയിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരും ഉൾപ്പടെ നിരവധി പ്രമുഖർ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടു.
16,344 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് പട്‌നായിക്കിനെ കാന്തബഞ്ചിയിൽ ബിജെപി സ്ഥാനാർഥി ലമാൻ ബാഗ് പരാജയപ്പെടുത്തിയത്. ഒഡിഷയിലെ ബിജെപി മുന്നേറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് കഴിഞ്ഞ ദിവസം നന്ദി രേഖപ്പെടുത്തിയിരുന്നു.
"നന്ദി ഒഡിഷ! ഒഡിഷയുടെ നല്ല ഭരണത്തിനും നൂതന സംസ്‌കാരത്തിനും ഇത് ചരിത്ര വിജയമാണ്. ഒഡിഷയിലെ ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും സംസ്ഥാനത്തെ പുരോഗതി പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും ബിജെപി എല്ലാ ശ്രമങ്ങളും നടത്തും''- പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചു.