മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിൽ വിള്ളല്‍. നവി മുംബൈയിലെ ഉൽവെയിലേക്കുള്ള പാതയിലാണ് വിള്ളലുകളുണ്ടായത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടൽ സേതു ഉദ്ഘാടനം ചെയ്‌തത്. പുതുതായി ഉദ്ഘാടനം ചെയ്‌ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും കാരണമായി.
ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന അടല്‍ സേതു കടൽപ്പാലത്തിന്‍റെ നിർമാണത്തിൽ അഴിമതി ആരോപിച്ച് മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രംഗത്തെത്തി. കടൽപ്പാലത്തിന് മുകളില്‍ വിള്ളലുകൾ വീണത് ജനജീവിതത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ നിർമാണ നിലവാരം മോശമാണെന്നും റോഡിന്‍റെ ഒരു ഭാഗം ഒരടിയോളം ഇടിഞ്ഞിട്ടുണ്ടെന്നും പാലം സന്ദര്‍ശിച്ച ശേഷം പടോലെ പറഞ്ഞു.
ഭരണകക്ഷിയായ ബിജെപിയും പദ്ധതിയുടെ നോഡൽ ഏജൻസിയായ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയും (എംഎംആർഡിഎ) പറയുന്നത് പാലത്തിലല്ല, നവി മുംബൈയിലെ ഉൾവെയിൽ നിന്നുള്ള അപ്രോച്ച് റോഡിലാണ് വിള്ളലുണ്ടായതെന്നാണ്. തെക്കൻ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) എന്നറിയപ്പെടുന്ന 'അടൽ ബിഹാരി വാജ്‌പേയി സെവ്രി-നവ ഷെവ അടൽ സേതു' ഈ വർഷം ജനുവരിയിലാണ് ഉദ്ഘാടനം ചെയ്‌തത്. 17,840 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആറുവരി പാലത്തിന് 21.8 കിലോമീറ്റർ നീളമുണ്ട്, 16.5 കിലോമീറ്റർ കടൽ ബന്ധമുണ്ട്.
സംസ്ഥാന സർക്കാർ അഴിമതിയുടെ എല്ലാ പരിധികളും മറികടന്ന് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പടോലെ ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അടൽ സേതു പാലത്തിന്‍റെ ഒരു ഭാഗത്ത് വിള്ളലുണ്ടായി. നവി മുംബൈക്ക് സമീപം റോഡിന്‍റെ അര കിലോമീറ്റർ നീളത്തിൽ ഒരടി ഇടിഞ്ഞു.
എംടിഎച്ച്എല്ലിന് വേണ്ടി സംസ്ഥാനം 18,000 കോടി രൂപ ചെലവഴിച്ചതായും പറഞ്ഞു. 'മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്, എന്നിട്ടും സർക്കാർ അഴിമതിയിൽ ഏർപ്പെട്ടു. ഇത് വളരെ ദൗർഭാഗ്യകരമാണ്', അദ്ദേഹം പറഞ്ഞു.
അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയതായി അധികൃതർ അറിയിച്ചു. എംടിഎച്ച്എൽ പാലത്തിൽ വിള്ളലുകളുണ്ടെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്ന് എംഎംആർഡിഎ പ്രസ്‌താവനയിറക്കി. കരാറുകാരൻ ഇതിനകം തന്നെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ഇത് 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. ഗതാഗതം തടസപ്പെടുത്താതെയാണ് ഈ പ്രവര്‍ത്തി നടക്കുന്നതെന്നും ഏജൻസി കൂട്ടിച്ചേർത്തു.