ചെന്നൈ: നാഗര്‍കോവില്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചിലെ മിഡില്‍ ബെര്‍ത്ത് വീണ് നാല് വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. ബെര്‍ത്തിലെ സുരക്ഷ ചെയിനുകള്‍ കൃത്യമായി ഉറപ്പിക്കാതിരുന്നതിനാലാണ് അപകടം ഉണ്ടായതെന്നാണ് സതേണ്‍ റെയില്‍വേയുടെ മധുരൈ ഡിവിഷൻ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം.
ഒക്‌ടോബര്‍ 16നാണ് ട്രെയിനിലെ മിഡില്‍ ബെര്‍ത്ത് വീണ് കുട്ടിയ്‌ക്ക് പരിക്കേറ്റത്. വഞ്ചി മണിയാച്ചി ജങ്ഷനില്‍ നിന്നുമായിരുന്നു നാല് വയസുകാരനും അമ്മയും ട്രെയിനില്‍ കയറിയത്. ഇവര്‍ ട്രെയിനില്‍ കയറി അഞ്ച് മിനിറ്റിന് പിന്നാലെയായിരുന്നു അപകടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാഗര്‍കോവില്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസിന്‍റെ 22667-ാം നമ്പര്‍ കോച്ചിലായിരുന്നു ഇവര്‍ കയറിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. അപകടം നടന്നതിന് പിന്നാലെ തന്നെ ടിക്കറ്റ് ഇൻസ്‌പെക്‌ടര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കോവില്‍പ്പട്ടി റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയ്‌ക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ ചികിത്സയ്‌ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കോവില്‍പ്പട്ടിയിലോ വിരുദനഗറിലോ ഇറങ്ങാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് റെയില്‍വേയുടെ പ്രസ്‌താവനയില്‍ പറയുന്നു.
പിന്നീട്, മധുരൈ റെയില്‍വേ സ്റ്റേഷനില്‍ ആംബുലൻസ് സൗകര്യമൊരുക്കിയിരുന്നു. റെയില്‍വേ പൊലീസിന്‍റെ സഹായത്തോടെ ഇവര്‍ അവിടെ ഇറങ്ങുകയായിരുന്നെന്നും പ്രസ്‌താവനയില്‍ പറയുന്നു. അപകടത്തിന് പിന്നാലെ അധികൃതരെത്തി കോച്ചില്‍ പരിശോധന നടത്തിയിരുന്നു. സാങ്കേതിക തകരാര്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബെര്‍ത്തിന്‍റെ സുരക്ഷ ചങ്ങല കൃത്യമായി ഘടിപ്പിക്കാതിരുന്നത് മൂലമാണ് അപകടം സംഭവിച്ചതെന്നും പരിശോധനയില്‍ വ്യക്തമായതായും റെയില്‍വേ വിശദീകരിച്ചു.
Also Read : ട്രെയിൻ ടിക്കറ്റ് ഇനി 2 മാസം മുന്‍പ് മാത്രം, റിസര്‍വേഷൻ നയം മാറ്റി ഇന്ത്യൻ റെയില്‍വേ